മിര്‍പൂര്‍: ബംഗ്ലാദേശ് വനിതകളും ഇന്ത്യന്‍ വനിതകളും തമ്മിലുള്ള മൂന്നാം എകദിനം സമനിലയില്‍ അവസാനിച്ചിരുന്നു. മത്സരത്തിന് ശേഷം അമ്പയറിങ്ങിന് എതിരെ കടുത്ത ഭാഷയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചത്. അമ്പയറിങ് നിലവാരം തങ്ങളെ അതിശയിപ്പിച്ചുവെന്ന് പറഞ്ഞ ഹര്‍മന്‍പ്രീത് കൗര്‍, ബംഗ്ലാദേശിലേക്ക് അടുത്ത തവണ വരുമ്പോള്‍ ഇതുകൂടി കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നായിരുന്നു തുറന്നടിച്ചത്.
സ്വന്തം പുറത്താകല്‍ ഉള്‍പ്പെടെ ഹര്‍മനെ കടുത്ത രീതിയില്‍ ചൊടിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 34-ാം ഓവറില്‍ നാഹിദ അക്തറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഹര്‍മന്‍പ്രീത് കൗര്‍ പുറത്താവുന്നത്. പാഡില്‍ തട്ടി ഉയര്‍ന്ന പന്തില്‍ ക്യാച്ചിനായി ബംഗ്ലാ താരങ്ങള്‍ അപ്പീല്‍ ചെയ്‌തു. എന്നാല്‍ മറ്റൊന്നുമാലോചിക്കാതെ തന്നെ അമ്പയര്‍ വിരലുയര്‍ത്തി.
സ്റ്റംപ് ബാറ്റുകൊണ്ട് അടിച്ച് തെറിപ്പിച്ചശേഷമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗ്രൗണ്ട് വിട്ടത്. തിരിച്ചുനടക്കുമ്പോള്‍ അമ്പയറോട് താരം തര്‍ക്കിക്കുകയും ചെയ്‌തിരുന്നു. കളി സമനിലയില്‍ പിരിഞ്ഞതോടെ മൂന്ന് മത്സര പരമ്പരയും 1-1ന് സമനിലയിലാണ് അവസാനിച്ചത്. ഇതോടെ വിജയികള്‍ക്കുള്ള ട്രോഫി ഇരു ടീമുകള്‍ക്കും പങ്കിടേണ്ടിയും വന്നു.
ട്രോഫി ഏറ്റുവാങ്ങുന്ന സമയത്തും ഹര്‍മന്‍പ്രീതിന്‍റെ കലിപ്പ് അടങ്ങിയിരുന്നില്ല. ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനായി അമ്പയര്‍മാരെ കൂടെ വിളിക്കൂവെന്ന് താരം വിളിച്ച് പറയുന്നുണ്ടായിരുന്നു. അവരും ബംഗ്ലാദേശ് ടീമിന്‍റെ ഭാഗമാണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍.