സിഡ്‌നി:ഓസ്‌ട്രേലിയന്‍ ടി 20 ടൂര്‍ണമെന്‍റായ ബിഗ് ബാഷ് വനിതാ ലീഗിലെ(Women Big Bash League) പ്ലയർ ഓഫ് ദ ടൂർണമെന്‍റായി(Player of the Tournament) ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍ പ്രീത് കൗര്‍(Harmanpreet Kaur). ബിഗ്ബാഷ് ലീഗില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരം എന്ന അപൂര്‍വ നേട്ടമാണ് ഹര്‍മന്‍പ്രീത് സ്വന്തമാക്കിയിരിക്കുന്നത്.
മെല്‍ബണ്‍ റെനഗേഡ്‌സിന്(Melbourne Renegades) വേണ്ടി കളിച്ചാണ് ഹര്‍മന്‍പ്രീത് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടൂര്‍ണമെന്‍റില്‍ 11 മത്സരങ്ങളില്‍ നിന്ന് 399 റണ്‍സ് അടിച്ചെടുത്ത താരം 15 വിക്കറ്റുകളും സ്വന്തമാക്കി. മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ ബെത്ത് മൂണി, സോഫി ഡെവിനി എന്നീ താരങ്ങളെ പിന്തള്ളി 31 വോട്ടുകൾ നേടിയാണ് ഹർമർപ്രീത് ഒന്നാമതെത്തിയത്.
'ഈ വലിയ നേട്ടത്തില്‍ അതിയായി സന്തോഷിക്കുന്നു. എന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ച പ്രിയപ്പെട്ട ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഒരുപാട് നന്ദി. ഒത്തൊരുമയുടെ ഫലമായാണ് എനിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. ടീമിനുവേണ്ടി മികച്ച പ്രകടനം നടത്തുക എന്നതുമാത്രമായിരുന്നു എന്‍റെ ദൗത്യം. ഞാനത് ചെയ്തു.' ഹര്‍മന്‍പ്രീത് പറഞ്ഞു.
ALSO READ:Karim Benzema | സെക്‌സ് ടേപ്പ് കേസ് : ബെന്‍സിമ കുറ്റക്കാരനെന്ന് കോടതി
ഹര്‍മന്‍പ്രീതിന്‍റെ ഓൾറൗണ്ട് മികവില്‍ മെല്‍ബണ്‍ റെനഗേഡ്‌സ് ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ട് പ്ലേ ഓഫിലേക്ക് കടന്നിട്ടുണ്ട്. ബ്രിസ്‌ബേന്‍ ഹീറ്റ്‌സും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തില്‍ വിജയിക്കുന്ന ടീമുമായി റെനഗേഡ്‌സ് പ്ലേ ഓഫ് കളിക്കും. ജയിച്ചാല്‍ ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സാണ് റെനഗേഡ്‌സിന്‍റെ എതിരാളികള്‍.