സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിലെ ത്രസിപ്പിക്കുന്ന വിജയത്തിന്‍റെ ക്രെഡിറ്റ് ബോളര്‍മാര്‍ക്ക് നല്‍കി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ലങ്കയെ 20 ഓവറില്‍ വെറും 65 റണ്‍സ് മാത്രം നേടാനാണ് ഇന്ത്യ അനുവദിച്ചത്. തുടര്‍ന്ന് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയ ഇന്ത്യ 69 പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യം മറികടക്കുകയും ചെയ്‌തു.
മൂന്ന് ഓവറില്‍ ഒരു മെയ്‌ഡനുള്‍പ്പെടെ വെറും അഞ്ച് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ രേണുക സിങ്ങിന്‍റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് നിര്‍ണായകമായത്. രാജേശ്വരി ഗെയ്‌കവാദ്, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
രാജേശ്വരി നാല് ഓവറില്‍ 16 റണ്‍സും സ്‌നേഹ് റാണ 13 റണ്‍സും മാത്രമാണ് വഴങ്ങിയത്. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത ദീപ്‌തി ശര്‍മയും, മൂന്ന് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങിയ ദയാലന്‍ ഹേമലതയും തിളങ്ങി. ലങ്കയുടെ ടോപ് ഓര്‍ഡറിലെ രണ്ട് താരങ്ങളെ റണ്ണൗട്ടാക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.