കേപ്‌ടൗണ്‍:ഐസിസി വനിത ടി20 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ടീമില്‍ ആശങ്ക. ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഓള്‍ റൗണ്ടര്‍ പൂജ വസ്‌ത്രകര്‍ എന്നിവര്‍ കളിച്ചേക്കില്ലെന്നാണ് സൂചന. അസുഖബാധിതരായ രണ്ട് താരങ്ങളെയും കേപ്‌ടൗണിലെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ഇന്നലെയാണ് ഇരു താരങ്ങളും ആശുപത്രി വിട്ടതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇവരുടെ കൂടാതെ ഇടം കയ്യന്‍ സ്‌പിന്നര്‍ രാധ യാദവിന്‍റെ ഫിറ്റ്‌നസ് ആശങ്കയും ടീമിന് തലവേദനയാണ് സൃഷ്‌ടിക്കുന്നത്. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ന് കളിച്ചില്ലെങ്കില്‍ വൈസ് ക്യാപ്‌റ്റന്‍ സ്‌മൃതി മന്ദാനയാകും ടീമിനെ നയിക്കുക. കൗറിന് പകരക്കാരിയായി ഹര്‍ലിന്‍ ഡിയോള്‍ ടീമിലെത്താനാണ് സാധ്യത.
കഴിഞ്ഞ നാല് മത്സരങ്ങളിലും ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യക്കായി കളിച്ചിരുന്നു. ടൂര്‍ണമെന്‍റില്‍ ഇതുവരെ 66 റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 33 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍റെ ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ന്യൂ ബോളില്‍ രേണുക സിങിനൊപ്പം ഇന്ത്യന്‍ ബോളിങ്ങിനെ നിയന്ത്രിക്കുന്നതില്‍ പ്രധാന താരമാണ് പൂജ. ഇന്നത്തെ മത്സരത്തില്‍ പൂജ വസ്‌ത്രകറിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ബോളിങ് കോമ്പിനേഷനിലുള്‍പ്പടെ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. പൂജ, രാധ യാദവ് എന്നീ താരങ്ങള്‍ സെമി ഫൈനലിന് ലഭ്യമല്ലെങ്കില്‍ ദേവിക വൈദ്യ, ഇടംകയ്യന്‍ പേസര്‍ അഞ്ജലി സര്‍വാണി എന്നിവര്‍ ടീമിലേക്ക് എത്താനാണ് സാധ്യത.