ദുബായ് : ടി20 ലോകകപ്പിൽ ഇന്ത്യൻ ഓൾറൗണ്ടർ ഹാര്‍ദിക് പാണ്ഡ്യ പന്തെറിയില്ലെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. താരത്തിന് ലോകകപ്പിൽ ഒരു ഫിനിഷറുടെ റോൾ ആണ് നൽകിയിട്ടുള്ളതെന്നും ബിസിസിഐ വ്യക്‌തമാക്കി. ഇതോടെ ലോകകപ്പ് ടീമിൽ ഹാർദിക് പന്തെറിയുമോ ഇല്ലയോ എന്ന ചർച്ചകൾക്കാണ് ബിസിസിഐ വിരാമമിട്ടത്.
ഹാർദിക് ഇപ്പോഴും 100 ശതമാനം ഫിറ്റ് അല്ല. അതിനാൽ തന്നെ താരത്തിന് ലോകകപ്പിൽ ബോൾ ചെയ്യാൻ കഴിയില്ല. ടൂർണമെന്‍റിൽ ബാറ്ററായി മാത്രമാണ് താരം കളിക്കുക. എന്നാൽ ലോകകപ്പിന്‍റെ അവസാന ഘട്ടത്തിൽ ഹാർദിക് ബൗൾ ചെയ്യാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. പക്ഷേ ഈ ഘട്ടത്തിൽ അതിനുള്ള സാധ്യതകൾ നിലനിൽക്കുന്നില്ല, ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
താക്കൂർ അകത്ത് അക്‌സർ പുറത്ത്
അതേസമയം ടി20 ലോകകപ്പിനുള്ള അന്തിമ ടീമിൽ ബിസിസിഐ ഒരു മാറ്റം വരുത്തിയിരുന്നു. 15 അംഗ ടീമിലുണ്ടായിരുന്ന അക്‌സർ പട്ടേലിന് പകരം സ്റ്റാൻഡ് ബൈ പട്ടികയിലുണ്ടായിരുന്ന ശാർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി. യുസ്‌വേന്ദ്ര ചാഹലിനെ ടീമിൽ ഉൾപ്പെടുത്തിയില്ല.
ലോകകപ്പ് ടീമിലെ നാലാം പേസറായി ഹാർദിക്കിനെ ഉപയോഗപ്പെടുത്താം എന്ന കണക്കുകൂട്ടലിലാണ് അക്‌സറിനെ ടീമിലെടുത്തിരുന്നത്. എന്നാൽ ഹാർദിക്കിന് പന്തെറിയാൻ കഴിയാത്ത സാഹചര്യത്തിൽ പകരക്കാരനെ കണ്ടെത്താൻ ബിസിസിഐ നിർബന്ധിതമായി. ഇതാണ് ശാർദുലിന് ടീമിലേക്കുള്ള വഴി തുറന്നത്. എന്നാൽ അത് അക്‌സറിന് തിരിച്ചടിയാകുകയും ചെയ്‌തു.