മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 (Indian Premier League 2024) സീസണിന് മുന്നോടിയായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് സ്ഥിരീകരിച്ച് മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ ട്രേഡിലൂടെ 15 കോടി രൂപയ്‌ക്കാണ് മുംബൈ ഇന്ത്യന്‍സ് തിരിച്ചെത്തിച്ചിരിക്കുന്നത്. (Hardik Pandya traded to Mumbai Indians from Gujarat Titans ahead of IPL 2024).
ഹാര്‍ദിക്കിന്‍റെ വരവ് പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 2015-ല്‍ മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ഹാര്‍ദിക്, 2021 വരെയുള്ള ഏഴ് സീസണുകളില്‍ ടീമിനൊപ്പമുണ്ടായിരുന്നു. മുംബൈയുടെ നാല് ഐപിഎല്‍ കിരീട നേട്ടങ്ങളില്‍ നിര്‍ണായക പങ്കാണ് 30-കാരനായ ഹാര്‍ദിക്കിനുള്ളത്.
2022- ലേലത്തിന് മുന്നോടിയായി മുംബൈ റിലീസ് ചെയ്‌ത ഹാര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കുകയായിരുന്നു. 2022-ല്‍ തങ്ങളുടെ പ്രഥമ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് തൊട്ടടുത്ത വര്‍ഷം ടീമിനെ രണ്ടാം സ്ഥാനത്തും എത്തിച്ചിരുന്നു. പുതിയ സീസണിന് മുന്നോടിയായി ഓരോ ഫ്രാഞ്ചൈസികളും നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്‌ത കളിക്കാരുടെ പട്ടിക പ്രസിദ്ധികരിക്കാനുള്ള ഡെഡ്‌ലൈൻ ഡേ ഇന്നലെ ആയിരുന്നു.
പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഗുജറാത്ത് തങ്ങളുടെ ക്യാപ്റ്റനെ നിലനിര്‍ത്തിയിരുന്നു. എന്നാൽ ഡിസംബർ 12 ന് ട്രേഡിങ് വിൻഡോ തുറന്നിരിക്കുന്നതിനാലാണ് ഗുജറാത്തില്‍ നിന്നും മുബൈയിലേക്കുള്ള ഹാര്‍ദിക്കിന്‍റെ മടക്കം സാധ്യമായത്.
അതേസമയം ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ട്രേഡ് ചെയ്‌തു. (Cameron Green traded to Royal challengers Bangalore from Mumbai Indians ahead of IPL 2024) ഗ്രീനിന്‍റെ വരവ് അറിയിച്ച് ബാംഗ്ലൂരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടിട്ടുണ്ട്. കൊച്ചിയില്‍ നടന്ന കഴിഞ്ഞ മിനി ലേലത്തില്‍ 17.50 കോടി രൂപയായിരുന്നു ഗ്രീനിനായി മുംബൈ ഇന്ത്യന്‍ മുടക്കിയത്. ഇതേതുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും താരത്തിന് നല്‍കിയതെന്നാണ് വിവരം.
പോയ പോലയോ വരുന്നത് :ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിലേക്ക് ചേക്കേറിയപ്പോൾ നിരവധി റിപ്പോർട്ടുകളാണ് പ്രചരിച്ചിരുന്നത്. ടീമിന്‍റെ നായകസ്ഥാനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുംബൈ ഇന്ത്യൻസ് ലേലത്തില്‍ വിടാൻ തീരുമാനിക്കും മുൻപ് അന്നത്തെ പുതിയ ടീമായിരുന്ന ഗുജറാത്ത് ടൈറ്റൻസുമായി ഹാർദിക് ചർച്ച നടത്തിയതെന്നും ജിടി നായകനാക്കാൻ തീരുമാനിച്ചതോടെ ഹാർദിക് ഗുജറാത്തിലേക്ക് പോയെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.