ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരം വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ദേശീയ ടീമിലെക്കുള്ള തിരിച്ചുവരവായിരുന്നു സീനിയർ താരം ദിനേഷ് കാർത്തിക്കിനും, ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്കും. എന്നാൽ മത്സരത്തിൽ അവസാന ഓവറിൽ ദിനേഷ് കാർത്തിക്കിനെതിരായ പാണ്ഡ്യയുടെ പെരുമാറ്റം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുകയാണ്. മികച്ച ഫിനിഷറായ കാർത്തിക്കിന് അവസാന ഓവറിൽ പാണ്ഡ്യ സിംഗിൾ നിഷേധിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം.
ആൻറിച്ച് നോർട്ട്ജെ എറിഞ്ഞ അവസാന ഓവറിലാണ് സംഭവം. 29 റണ്‍സുമായി ഹാർദിക്കും മറുവശത്ത് ഒരു റണ്‍സുമായി കാർത്തിക്കും ക്രീസിൽ നിൽക്കുന്നു. ഓവറിലെ നാലാം പന്തിൽ സിക്‌സർ പറത്തിയ പാണ്ഡ്യ അഞ്ചാം പന്ത് മിഡ് വിക്കറ്റിലേക്ക് പായിച്ചു. എന്നാൽ ബൗണ്ടറി ലൈനിന് സമീപം പന്ത് ഫീൽഡർ കൈയ്യിലൊതുക്കി. എന്നാൽ അനായസം സിംഗിൾ നേടാവുന്ന പന്തിൽ ഹാർദിക് റണ്‍സെടുക്കാൻ കൂട്ടാക്കിയില്ല.