കൊല്‍ക്കത്ത :പരിക്കേറ്റ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും പുറത്തായി (Hardik Pandya Ruled Out Cricket World Cup 2023). പൂനെയില്‍ നടന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിനിടെയാണ് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത്. ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി പേസര്‍ പ്രസിദ് കൃഷ്‌ണയെ (Prasidh Krishna) ആണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒക്‌ടോബര്‍ 19ന് പൂനെയില്‍ നടന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേല്‍ക്കുന്നത്. മത്സരത്തില്‍ തന്‍റെ ആദ്യ ഓവര്‍ എറിയുന്നതിനിടെയാണ് പാണ്ഡ്യയ്‌ക്ക് പരിക്ക് പറ്റിയത്. ഓവറിലെ മൂന്നാം പന്ത് നേരിട്ട് ബംഗ്ലാദേശ് ഓപ്പണര്‍ നജ്‌മുള്‍ ഹൊസൈന്‍ ഷാന്‍റോയുടെ ഷോട്ട് കാലുകൊണ്ട് തടയാനുള്ള ശ്രമം പാളിപ്പോകുകയായിരുന്നു (Hardik Pandya).
പ്രാഥമിക ചികിത്സകള്‍ക്ക് വിധേയനായിരുന്നെങ്കിലും ഹാര്‍ദികിന് പിന്നീട് ആ മത്സരത്തില്‍ തുടരാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിരാട് കോലിയാണ് ശേഷിക്കുന്ന മൂന്ന് പന്തുകള്‍ എറിഞ്ഞ് ഹാര്‍ദിക്കിന്‍റെ ഓവര്‍ പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ നടന്ന മത്സരത്തില്‍ ഹാര്‍ദിക് കളിച്ചിരുന്നില്ല.
ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലൂടെ താരം ടീമിലേക്ക് മടങ്ങിയെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തിന്‍റെ ഫിറ്റ്‌നസില്‍ പുരോഗതിയുണ്ടെന്നും നെറ്റ്‌സില്‍ പരിശീലനത്തിന് ഇറങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലോകകപ്പില്‍ നിന്നും താരം പുറത്തായെന്ന് ഐസിസി (ICC) തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അതേസമയം, ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ച പ്രസിദ് കൃഷ്‌ണ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനും ലഭ്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാളെ (നവംബര്‍ 5) കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം. ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നീ മൂന്ന് പേസര്‍മാരും മികവ് തുടരുന്ന സാഹചര്യത്തില്‍ പ്രസിദിന് നിലവില്‍ പ്ലേയിങ് ഇലവനിലേക്ക് അവസരം ലഭിക്കാനുള്ള സാധ്യത വിദൂരമാണ്.
സയിദ് മുഷ്‌താഖ് അലി ടി20യില്‍ കര്‍ണാടകയ്‌ക്കായി നിലവില്‍ മികച്ച പ്രകടനം നടത്താന്‍ പ്രസിദ് കൃഷ്‌ണയ്‌ക്ക് സാധിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ഇന്ത്യയ്‌ക്കായി 17 ഏകദിന മത്സരങ്ങള്‍ ഇതുവരെ കളിച്ച പ്രസിദ് കൃഷ്‌ണ 29 വിക്കറ്റാണ് നേടിയിട്ടുള്ളത്. 5.60 എക്കോണമി റേറ്റില്‍ പന്തെറിയുന്ന 27 കാരന്‍ രണ്ട് മത്സരങ്ങളില്‍ നാല് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.
Also Read : ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന്‍റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ സുലഭം ; ടിക്കറ്റ് പോയ വഴിയേ അന്വേഷണവുമായി കൊല്‍ക്കത്ത പൊലീസ്