മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന് മുന്നോടിയായി നേതൃമാറ്റം പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. വരും സീസണില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനെ നയിക്കും. (Hardik Pandya named the captain of Mumbai Indians). രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഹാര്‍ദിക് എത്തുന്ന വിവരം മുംബൈ ഇന്ത്യൻസിന്‍റെ ഗ്ലോബൽ പെർഫോമൻസ് തലവന്‍ മഹേല ജയവർദനെയാണ് അറിയിച്ചിരിക്കുന്നത്. (Hardik Pandya replaces Rohit Sharma as Mumbai Indians captain).
ഭാവി മുന്നിൽക്കണ്ടാണ് ടീമിന്‍റെ ക്യാപ്റ്റനെ മാറ്റുന്നതെന്ന് മഹേല ജയവർദനെ (Mahela Jayawardene on Hardik Pandya captaincy) വ്യക്തമാക്കി. "മുംബൈ ഇന്ത്യന്‍സിന്‍റെ പാരമ്പര്യം നിർമ്മിക്കുന്നതിന്‍റെ ഭാഗമാണിത്. ടീമിന്‍റെ ഭാവി ശോഭനമാക്കുക എന്ന പദ്ധതയില്‍ മുംബൈ ഉറച്ച് നില്‍ക്കുന്നു.
സച്ചിൻ മുതൽ ഹർഭജൻ വരെയും റിക്കി മുതൽ രോഹിത് വരെയും അസാധാരണമായ നേതൃപാടവത്താൽ മുംബൈ ഇന്ത്യൻസ് എപ്പോഴും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ടീമിന്‍റെ വിജയത്തിന് സംഭാവന നൽകുമ്പോൾ തന്നെ ഭാവിയിലേക്ക് ടീമിനെ ശക്തിപ്പെടുത്തുന്നതിൽ എപ്പോഴും അവര്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം ഐപിഎല്ലിന്‍റെ അടുത്ത സീസണില്‍ ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിനെ നയിക്കും"- ജയവർദനെ പറഞ്ഞു.
രോഹിത് ശര്‍മയുടെ അസാധാരണമായ നേതൃത്വത്തിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു."2013- മുതലുള്ള തന്‍റെ കാലയളവില്‍ ഏറെ മികച്ച രീതിയിലാണ് രോഹിത് ടീമിനെ നയിച്ചത്. ടീമിന് സമാനതകളില്ലാത്ത വിജയം നേടിത്തന്നതിനൊപ്പം തന്നെ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളെന്ന സ്ഥാനം ഉറപ്പിക്കാനും രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്.