മുംബൈ:ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ഏകദിന ലോകകപ്പില്‍ നിന്നും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷം താരത്തിന്‍റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് ഏറെ ഊഹാപോഹങ്ങളാണ് പ്രചരിച്ചത്. എന്നാല്‍ തന്‍റെ തിരിച്ചുവരവ് ഉടനുണ്ടാവുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ.
ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോ പുറത്തുവിട്ടുകൊണ്ടാണിത്. ഓരോ 'ദിവസവും പുരോഗതി' എന്ന് എഴുതിക്കൊണ്ട് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് 30-കാരനായ ഹാര്‍ദിക് പ്രസ്‌തുത വീഡിയോ പങ്കുവച്ചിരിക്കുന്നത്. (Hardik Pandya Posts Training Video). വേഗം തന്നെ ഹാര്‍ദിക്കിന് തിരിച്ചെത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിനും മുംബൈ ഇന്ത്യന്‍സിനും ഇതു നല്‍കുന്ന ആശ്വാസം ചെറുതൊന്നുമാകില്ല.
ലോകകപ്പില്‍ ഒക്‌ടോബര്‍ 19-ന് പൂനെയില്‍ നടന്ന മത്സരത്തിനിടെയാണ് ഹാര്‍ദിക്കിന് പരിക്കേല്‍ക്കുന്നത്. (Hardik Pandya Injury). പന്തെറിഞ്ഞതിന് ശേഷം ബംഗ്ലാദേശ് ബാറ്റുടെ ഷോട്ട് കാലുകൊണ്ട് തടുക്കാന്‍ ശ്രമിച്ചതാണ് ഇതിന് വഴിയൊരുക്കിയത്. തുടര്‍ന്ന് ലോകകപ്പില്‍ നിന്നും പുറത്തായ 30-കാരന് തുടര്‍ന്ന് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് എതിരായ വൈറ്റ് ബോള്‍ പരമ്പരകളിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇനി ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര പരമ്പരയും നഷ്‌ടമാവുന്ന താരത്തിന് ഐപിഎല്ലില്‍ ഇറങ്ങാന്‍ കഴിയുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്. ജനുവരി 11 മുതല്‍ 17 വരെയാണ് ഇന്ത്യ-അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര കളിക്കുന്നത്. ഏപ്രില്‍-മെയ് മാസങ്ങളിലാണ് ഐപിഎല്‍ അരങ്ങേറുന്നത്.