മാഞ്ചസ്റ്റര്‍ : ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവും ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. മത്സരത്തില്‍ ഏഴ് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ താരം, 55 പന്തില്‍ 71 റണ്‍സും അടിച്ചെടുത്തു.
പ്രകടനത്തോടെ ഒരപൂര്‍വ റെക്കോഡും താരത്തെ തേടിയെത്തി. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലേയും ഒരൊറ്റ മത്സരത്തില്‍ നാല് വിക്കറ്റുകളും അമ്പത് റൺസിലേറെയും നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോഡാണ് ഹാര്‍ദിക്കിന് സ്വന്തമായത്. പാകിസ്ഥാന്‍റെ മുഹമ്മദ് ഹഫീസാണ് മുമ്പ് ഈ നേട്ടം കൈവരിച്ച ഏക താരം.
അതേസമയം ഇംഗ്ലണ്ടിനെതിരെ ഒരു ഏകദിനത്തില്‍ നാല് വിക്കറ്റുകളും അന്‍പതിലേറെ റണ്‍സും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ഹാര്‍ദിക്. യുവരാജ് സിങ്ങാണ് ഹാര്‍ദിക്കിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരം. 2008ല്‍ ഇന്‍ഡോറില്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയ യുവരാജ് 118 റണ്‍സുകളും അടിച്ച് കൂട്ടിയിരുന്നു.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ 259 റണ്‍സില്‍ ഒതുക്കിയിരുന്നു. 80 പന്തില്‍ 60 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. ഹാര്‍ദിക്കിനൊപ്പം, മൂന്ന് വിക്കറ്റ് നേടി യുസ്‌വേന്ദ്ര ചാഹലും ഇന്ത്യന്‍ ബൗളിങ്ങില്‍ തിളങ്ങി.
മറുപടിക്കിറങ്ങിയ ഇന്ത്യ റിഷഭ് പന്തിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തില്‍ 42.1 ഓവറില്‍ അഞ്ച് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യം മറികടന്നത്. 113 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും അടക്കം 125 റൺസ് നേടിയ പന്ത് പുറത്താവാതെ നിന്നു. പന്തിന്‍റെ ആദ്യ ഏകദിന സെഞ്ച്വറിയാണ് മാഞ്ചസ്റ്ററില്‍ പിറന്നത്.