ദുബൈ: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ കുതിപ്പ് നടത്തി ഹാര്‍ദിക് പാണ്ഡ്യ. 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഹാര്‍ദിക് എട്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനമാണ് താരത്തിന് മുതല്‍ക്കൂട്ടായത്.
ബോളര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം നഷ്‌ടപ്പെട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്തേക്കിറങ്ങി. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നതാണ് താരത്തിന് തിരിച്ചടിയായത്. ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍റ് ബോള്‍ട്ടാണ് ബുംറയെ മറികടന്നത്. 703 റേറ്റിങ് പോയിന്‍റുള്ള ബുംറയെ ഒരു പോയിന്‍റ് വ്യത്യാസത്തിലാണ് ബോള്‍ട്ട് പിന്തള്ളിയത്.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 2-1ന് നേടിയ പരമ്പരയില്‍ ഏഴ് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 16ാം സ്ഥാനത്തെത്തി. പര്യടനത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാന്‍ ഹാര്‍ദികിന് കഴിഞ്ഞിരുന്നു. ബാറ്റര്‍മാരുടെ പട്ടികയില്‍ എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന ഹാര്‍ദിക് 42ാം സ്ഥാനത്തെത്തി.
മൂന്നാം ഏകദിനത്തില്‍ 125 റണ്‍സ് നേടി പുറത്താവാതെ നിന്ന റിഷഭ് പന്തും ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി. 25 സ്ഥാനങ്ങള്‍ ഉയര്‍ന്ന പന്ത് 52ാം സ്ഥാനത്തെത്തി.