പൂനെ:ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് (Hardik Pandya) ഇന്ത്യയുടെ അടുത്ത മത്സരം നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 22ന് ന്യൂസിലന്‍ഡിനെതിരെ ധര്‍മ്മശാലയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിനായി താരം ഹിമാചലിലേക്ക് പോകില്ലെന്നും പകരം ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തേടുമെന്നുമാണ് നിലവില്‍ പുറത്തുവരുന്ന വിവരം (Hardik Pandya Injury Update).
ഏകദിന ലോകകപ്പില്‍ ഇന്ത്യയെപ്പോലെ തന്നെ അപരാജിത കുതിപ്പ് തുടരുന്ന ടീമാണ് ന്യൂസിലന്‍ഡും. ഈ സാഹചര്യത്തില്‍ ധര്‍മശാലയില്‍ കിവീസിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഹാര്‍ദിക്കിന്‍റെ അഭാവം ഇന്ത്യന്‍ ടീമിന്‍റെ സന്തുലിതാവസ്ഥയേയും ബാധിച്ചേക്കാം. മൂന്നാം പേസറായി ഇതുവരെ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്താന്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടുണ്ട്. ധര്‍മശാലയിലെ പേസ് ബൗളിങ്ങിനെ തുണയ്‌ക്കുന്ന പിച്ചില്‍ ഹാര്‍ദിക്കിന്‍റെ അഭാവം ടീം ഇന്ത്യയ്‌ക്ക് തിരിച്ചടിയായേക്കാം.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബൗളിങ്ങിനിടെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേല്‍ക്കുന്നത്. മത്സരത്തിന്‍റെ ഒന്‍പതാം ഓവര്‍ പന്തെറിയാനെത്തിയതായിരുന്നു പാണ്ഡ്യ. ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ പായിച്ച ഷോട്ട് കാലുകൊണ്ട് തടുത്തിടുന്നതിനിടെയാണ് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റത്.
കണങ്കാലിന് പരിക്കേറ്റതോടെ താരത്തിന് ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, ടീം ഫിസിയോയുടെ സഹായത്തോടെ കളം വിട്ട താരം പിന്നീട് മത്സരത്തിന് ഇറങ്ങിയിരുന്നില്ല. പാണ്ഡ്യ മടങ്ങിയതോടെ വിരാട് കോലിയായിരുന്നു ആ ഓവര്‍ പൂര്‍ത്തിയാക്കിയത്.