മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League 2024) പുതിയ സീസണിന് ഒരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് വമ്പന്‍ ആശ്വാസം. പരിക്കിന്‍റെ പിടിയിലുള്ള പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ കളിച്ചേക്കും. (Hardik Pandya likely to play IPL 2024) വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ഏകദിന ലോകകപ്പിനിടെ (Cricket World Cup 2023) കാല്‍ക്കുഴയ്‌ക്ക് പരിക്കേറ്റ 30-കാരന് അഫ്ഗാനിസ്ഥാനെതിരെ ജനുവരിയില്‍ നാട്ടില്‍ നടക്കുന്ന ടി20 പരമ്പരയും അതിന് ശേഷം അരങ്ങേറുന്ന ഐപിഎല്ലും നഷ്‌ടമാവുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഫ്‌ഗാനെതിരായ പരമ്പര കളിക്കാനായില്ലെങ്കിലും ഹാര്‍ദിക് ഐപിഎല്ലിന് ഇറങ്ങുമെന്നാണ് വാര്‍ത്ത ഏജന്‍സി തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. (Hardik Pandya likely to miss Afghanistan T20I series)
ലോകകപ്പില്‍ ഒക്‌ടോബര്‍ 19-ന് ബംഗ്ലാദേശിനെതിരായ കളിയ്‌ക്കിടെയാണ് ഹാര്‍ദിക്കിന് പരിക്ക് പറ്റുന്നത്. (Hardik Pandya Injury) പന്ത് എറിഞ്ഞതിന് ശേഷം ബംഗ്ലാദേശ് ബാറ്റുടെ ഷോട്ട് കാലുകൊണ്ട് തടുക്കാന്‍ ശ്രമിച്ചതാണ് പരിക്കിന് വഴിവച്ചത്. ഇതോടെ ലോകകപ്പില്‍ നിന്നും പുറത്തിരിക്കേണ്ടിവന്ന ഹാര്‍ദിക്കിന് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് എതിരായ ലിമിറ്റഡ് ഓവര്‍ പരമ്പര നഷ്‌ടമായിരുന്നു.
ഇതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര പരമ്പരയിലും 30-കാരന് കളിക്കാന്‍ കഴിയാതെ വന്നിരിക്കുന്നത്. ജനുവരി 11 മുതല്‍ 17 വരെയാണ് ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ ടി20 പരമ്പര നടക്കുന്നത്. ജൂണില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന അന്താരാഷ്‌ട്ര പരമ്പര കൂടിയാണിത്.