രാജ്‌കോട്ട് : കഴിഞ്ഞ വർഷത്തെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ഹാർദിക് പാണ്ഡ്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിലവില്‍ പാണ്ഡ്യയ്‌ക്ക് കീഴില്‍ ഒരുപുതിയ ടി20 ടീമിനെ വാര്‍ത്തെടുക്കാനാണ് ബിസിസിഐ ലക്ഷ്യംവയ്‌ക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഹാര്‍ദിക് എത്തുമെന്നാണ് വിലയിരുത്തലുകള്‍.
ഇപ്പോഴിതാ തന്‍റെ ക്യാപ്റ്റന്‍സി മെച്ചപ്പെടുത്തിയതിന്‍റെ ക്രെഡിറ്റ് ഗുജറാത്ത് ലയണ്‍സ് പരിശീലകനും ഇന്ത്യയുടെ മുന്‍ പേസറുമായ ആശിഷ് നെഹ്‌റയ്ക്ക് നല്‍കിയിരിക്കുകയാണ് ഹാര്‍ദിക്. തന്‍റെ ക്യാപ്റ്റൻസിയിൽ നെഹ്‌റ വലിയ വ്യത്യാസം വരുത്തിയെന്ന് ഹാര്‍ദിക് പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യിലെ വിജയത്തിന് ശേഷമായിരുന്നു താരത്തിന്‍റെ പ്രതികരണം.
"ഏത് തരത്തിലുള്ള പരിശീലകനോടൊപ്പം പ്രവർത്തിച്ചുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ മാനസികാവസ്ഥ കാരണം ആശിഷ് നെഹ്‌റ എന്‍റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. ഞങ്ങൾ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളായിരിക്കാം, എന്നാൽ ഞങ്ങൾക്ക് സമാനമായ ക്രിക്കറ്റ് ചിന്തകളുണ്ട്.
അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനായത് എന്‍റെ ക്യാപ്റ്റൻസിയുടെ മൂല്യം വർധിപ്പിച്ചു. എനിക്കറിയാവുന്ന കാര്യങ്ങൾ കൃത്യമായി ലഭിക്കാൻ ഇത് എന്നെ സഹായിച്ചു. ആ ഉറപ്പ് ലഭിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു അത്.