ന്യൂഡൽഹി :മുൻ ഇന്ത്യൻ ഓഫ് സ്‌പിന്നർ ഹർഭജൻ സിങ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. സെപ്‌റ്റംബറിൽ ഒമാനിൽ നടക്കുന്ന രണ്ടാമത് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) ടൂർണമെന്‍റിൽ പങ്കെടുക്കുമെന്ന് താരം അറിയിച്ചു. മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, ഓസീസ് പേസർ ബ്രെറ്റ് ലീ, സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ, മുൻ ഇംഗ്ലണ്ട് ക്യാപ്‌റ്റൻ ഇയാൻ മോർഗൻ എന്നിവരും ലീഗിൽ കളിക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.
'ഗ്രൗണ്ടിൽ തിരിച്ചെത്താനും ഗെയിമിന്റെ ഇതിഹാസങ്ങൾക്കൊപ്പം കളിക്കാനും ലീഗ് എന്നെ വളരെയധികം പ്രേരിപ്പിക്കുന്നു. സെപ്റ്റംബറിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്' - ഹർഭജൻ പറഞ്ഞു. ഹർഭജനെ കൂടാതെ, മുൻ ബംഗ്ലാദേശ് നായകൻ മഷ്‌റഫെ മൊർത്താസയും എൽഎൽസിയുടെ വരാനിരിക്കുന്ന പതിപ്പിൽ തന്റെ പങ്കാളിത്തം സ്ഥിരീകരിച്ചു. മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരങ്ങളായ ലെൻഡൽ സിമ്മൺസും ദിനേഷ് രാംദിനും വരാനിരിക്കുന്ന സീസണിലേക്കുള്ള ലീഗിന്റെ പ്ലെയർ ഡ്രാഫ്റ്റിൽ ചേർന്നു.
എന്താണ് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് :ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയ ഇതിഹാസ താരങ്ങൾ കളിക്കുന്ന ആഗോള ടി20 ക്രിക്കറ്റ് ലീഗാണിത്. അബ്‌സലൂട്ട് ലെജൻഡ്‌സ് സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ലീഗ് സംഘടിപ്പിക്കുന്നത്. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് എന്ന ആശയം നടപ്പിലാക്കിയത് രാമൻ റഹേജയും വിവേക് ഖുഷാലാനിയും ചേർന്നാണ്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ദേശീയ ടീം മുൻ പരിശീലകനുമായ രവി ശാസ്‌ത്രിയാണ് ലീഗിന്‍റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് ബ്രാൻഡ് അംബാസഡർ. അടുത്തിടെ വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കിടയിൽ മത്സര ക്രിക്കറ്റ് ഉറപ്പാക്കാൻ, ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് സ്‌പോർട്‌സ് സയൻസ് ഡയറക്‌ടറായി ആൻഡ്രൂ ലെയിപ്‌സിനെ നിയമിച്ചിട്ടുണ്ട്. ക്രിക്കറ്റർമാരുടെ ഫിറ്റ്‌നസും ശാരീരിക പ്രകടനവും മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്‍റെ പങ്ക് നിർണായകമാണ്.
എൽഎൽസിയുടെ ആദ്യ സീസൺ 2022 ജനുവരിയിൽ ഒമാനിലെ മസ്‌കറ്റിലാണ് നടന്നത്. ആദ്യ സീസണിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരങ്ങളെ മൂന്ന് ടീമുകളായി തിരിച്ചാണ് മത്സരം നടത്തിയത്. ഡാരൻ സമി നയിച്ച വേൾഡ് ജയന്‍റ്‌സാണ് ജേതാക്കളായത്. ഫൈനലിൽ ഏഷ്യൻ ലയൺസിനെ 27 റൺസിനാണ് തോൽപ്പിച്ചത്.
ഇന്ത്യൻ താരങ്ങൾ മാത്രം ഉൾപ്പെട്ട മുഹമ്മദ് കൈഫ് നയിച്ച 'ഇന്ത്യ മഹാരാജാസ്', ഏഷ്യൻ രാജ്യങ്ങളായ പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളിലെ താരങ്ങളെ ഉൾപ്പെടുത്തിയ മിസ്ബാ ഉൾ ഹഖിന്‍റെ കീഴിലിറങ്ങിയ 'ഏഷ്യൻ ലയൺസ്', മറ്റുരാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ അണിനിരന്ന 'വേൾഡ് ജയന്‍റ്‌സ്' എന്നിവയായിരുന്നു മൂന്ന് ടീമുകൾ.
രണ്ടാം സീസൺ ഐപിഎൽ മാതൃകയിൽ : എന്നാൽ ഇത്തവണ ഐപിഎൽ ശൈലിയിൽ ഫ്രാഞ്ചൈസികൾക്ക് ടീമുകളെ സ്വന്തമാക്കാനുള്ള അവസരം ഉണ്ടാകും. നാല് ടീമുകളുടെ ഉടമയെ യഥാസമയം പ്രഖ്യാപിക്കുമെന്ന് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് സി.ഇ.ഒ രാമൻ റഹേജ പറഞ്ഞു. ഓഗസ്‌റ്റ് ആദ്യം പ്ലെയർ ഡ്രാഫ്റ്റ് പ്രക്രിയയിലൂടെ നാല് ടീമുകളിൽ ഉൾപ്പെടുത്തും. നാല് ടീമുകളിലായി 110 മുൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങളാണ് പങ്കെടുക്കുക. ആകെ 15 മത്സരങ്ങളാണ് ടൂർണമെന്‍റിൽ ഉണ്ടാവുക. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരും ഉണ്ടാകും.
ക്രിക്കറ്റിലെ സ്‌ത്രീ ശാക്തീകരണത്തിനായി ലീഗ് ഒരു പ്രത്യേക സംരംഭം ആരംഭിച്ചിരുന്നു. ലീഗിന്‍റെ ആദ്യ സീസണിൽ മത്സരങ്ങൾ നിയന്ത്രിച്ചത് വനിത അമ്പയർമാരായിരുന്നു. പുരുഷ ക്രിക്കറ്റിൽ ആദ്യമായാണ് വനിത അമ്പയർമാർ മത്സരം നിയന്ത്രിച്ചത്. ഇന്ത്യയുടെ ശുഭ്‌ദ ഭോസ്‌ലെ ഗെയ്‌ക്‌വാദ്, ദക്ഷിണാഫ്രിക്കയുടെ ലോറൻ ഏജൻബാഗ്, പാക്കിസ്ഥാന്‍റെ ഹുമൈറ ഫറ, ഹോങ്കോങ്ങിന്‍റെ റെനി മോണ്ട്‌ഗോമറി എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഷാൻഡ്രെ ഫ്രിറ്റ്‌സ് ആണ് മാച്ച് റഫറിയുടെ സ്ഥാനം വഹിച്ചിരുന്നത്. ഇതിഹാസ വനിത ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയെ ലീഗിന്‍റെ വനിത ബ്രാൻഡ് അംബാസഡറായും നിയമിച്ചിരുന്നു.