ന്യൂഡൽഹി:ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിങിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. താൻ വീട്ടിൽ ക്വാറന്‍റൈനിൽ തുടരുകയാണെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുന്നുണ്ടെന്നും ഹർഭജൻ അറിയിച്ചു.
'എനിക്ക് നേരിയ ലക്ഷണങ്ങളോടെ കൊവിഡ് സ്ഥിരീകരിച്ചു. ഞാൻ വീട്ടിൽ തന്നെ ക്വാറന്‍റൈനിൽ തുടരുകയും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നോട് സമ്പർക്കത്തിലുണ്ടായിരുന്നവർ എത്രയും പെട്ടന്ന് കൊവിഡ് പരിശോധന നടത്താൻ ഞാൻ അഭ്യർഥിക്കുന്നു. ദയവായി സുരക്ഷിതരായിരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക,' ഹർഭജൻ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹർഭജൻ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ ടീമിനായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ടി20 മത്സരങ്ങളും 41 കാരനായ താരം കളിച്ചിട്ടുണ്ട്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ 294 വിക്കറ്റുകളും, ടെസ്റ്റിൽ 417 വിക്കറ്റുകളും ഹർഭജൻ നേടിയിട്ടുണ്ട്.
ALSO READ:മനുഷ്യാവകാശ ലംഘനം: വിന്‍റർ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കണമെന്ന് സേവ് ടിബറ്റ് ഓർഗനൈസേഷൻ
2015ൽ ശ്രീലങ്കയ്‌ക്കെതിരെയാണ് അദ്ദേഹം തന്‍റെ അവസാന ടെസ്റ്റ് മത്സരം കളിച്ചത്. അതേ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്‍റെ അവസാന ഏകദിനം. 2016 ഏഷ്യാ കപ്പിൽ യുഎഇയ്‌ക്കെതിരായ ടി20 ആയിരുന്നു ഇന്ത്യയ്‌ക്കായി അദ്ദേഹത്തിന്‍റെ അവസാന മത്സരം. അതിനുശേഷം ഹർഭജന് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചിരുന്നില്ല.