മുംബൈ : 10 വര്‍ഷങ്ങളായി ഐസിസി കിരീട വരള്‍ച്ച നേരിടുകയാണ് ഇന്ത്യ. 2013-ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം മറ്റൊരു ഐസിസി കിരീടം ടീമിന് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ധോണി യുഗത്തിന് ശേഷമെത്തിയ വിരാട് കോലിക്കും നിലവില്‍ ചുമതലയുള്ള രോഹിത് ശര്‍മയ്‌ക്കും ഈ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
രോഹിത്തിന് കീഴില്‍ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും കഴിഞ്ഞ മാസം ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കളിച്ച ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയും ഏറെ ചോദ്യം ചെയ്യപ്പെട്ടു.
രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചവരുടെ നിരയിലേക്ക് കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും ചേര്‍ന്നിരുന്നു. ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ നിരാശനാണെന്നും താരത്തില്‍ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുവെന്നും ആയിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്. ഐപിഎല്ലില്‍ നൂറിലേറെ മത്സരങ്ങളില്‍ ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്തുള്ള 36-കാരന് ടി20 ഫോര്‍മാറ്റില്‍ പോലും ടീമിനെ ഐസിസി വേദികളില്‍ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തുന്ന ഒരുപിടി മികച്ച താരങ്ങളുള്ളപ്പോഴാണ് ഈ ദുരവസ്‌ഥ. ടീമിന്‍റെ തോല്‍വികളില്‍ ക്യാപ്റ്റനും ഒപ്പം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നുമായിരുന്നു 76-കാരനായ ഗവാസ്‌കര്‍ തുറന്നടിച്ചത്.
വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നു :ഇപ്പോഴിതാ ഹിറ്റ്‌മാന് പൂര്‍ണ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്. രോഹിത്തിനെതിരായ വിമര്‍ശനങ്ങള്‍ അതിരുകടന്നതായി തോന്നുന്നുവെന്നാണ് ഇന്ത്യന്‍ ടീമിലും മുംബൈ ഇന്ത്യന്‍സിലും രോഹിത്തിനൊപ്പം കളിച്ചിട്ടുള്ള ഹര്‍ഭജന്‍ സിങ് പറയുന്നത്.