ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (World Test Championship) ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ നിരാശയിലാണ് ആരാധകര്‍. ഇന്നെ ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ (Kennington Oval) അവസാനിച്ച ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 209 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയക്കെതിരെ വഴങ്ങിയത്. ഫൈനലില്‍ ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത രോഹിത് ശര്‍മയുടെ (Rohit Sharma) തീരുമാനം പാളിപ്പോയെന്നാണ് പലരുടെയും വാദം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ നായകനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. കൂടാതെ ടീമിന്‍റെ ബാറ്റിങ്ങും ബൗളിങ്ങും അമ്പേ പരാജയമായിരുന്നെന്ന് വാദിക്കുന്നവരുമുണ്ട്. ഇതിനിടെ, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോല്‍വിക്ക് പിന്നാലെ ചില ആരാധകര്‍ ഇന്ത്യ അവസാനമായി നേടിയ ഐസിസി (ICC) കിരീടങ്ങളെ കുറിച്ചും ഓര്‍ത്തെടുക്കാന്‍ തുടങ്ങി.
പത്ത് വര്‍ഷത്തോളമായുള്ള കിരീട വരള്‍ച്ചയ്‌ക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് രോഹിതും സംഘവുമെത്തിയിരുന്നത്. എന്നാല്‍, ഇക്കുറിയും ഇന്ത്യന്‍ ടീമിന് അത് സാധിച്ചില്ല. 2013ലായിരുന്നു ഇന്ത്യ അവസാനമായി ഒരു ഐസിസി കിരീടം നേടിയത്.
അന്ന്, ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍സ് ട്രോഫിയില്‍ (Champions Trophy) ആതിഥേയരായ ഇംഗ്ലണ്ടിനെ തന്നെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്. അതിന് മുന്‍പ് 2011 ലെ ഏകദിന ലോകകപ്പും (ODI WC 2011), 2007ലെ പ്രഥമ ടി20 ലോകകപ്പും (T20 WC 2007) നേടാനും ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ടായിരുന്നു. എംഎസ് ധോണിക്ക് (MS Dhoni) കീഴിലാണ് ഇന്ത്യന്‍ ടീം ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആരാധകര്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മുന്‍ ക്യാപ്‌റ്റന്‍ എംഎസ് ധോണിയുമായി താരതമ്യപ്പെടുത്തിക്കൊണ്ടും രംഗത്തെത്തി. ഇതിനിടെ ഒരു ആരാധകന്‍ എംഎസ് ധോണി ഒറ്റയ്‌ക്കായിരുന്നു ഇന്ത്യയ്‌ക്ക് ആദ്യ ടി20 ലോകകപ്പ് നേടിക്കൊടുത്തതെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ട്വീറ്റും രേഖപ്പെടുത്തി. പിന്നാലെ, ഈ ട്വീറ്റിന് മറുപടിയുമായി മുന്‍ താരം ഹര്‍ഭജന്‍ സിങ്ങും (Harbhajan Singh) രംഗത്തെത്തിയിരുന്നു.