ന്യൂഡല്‍ഹി :പ്രഥമ ഐപിഎല്ലില്‍ ശ്രീശാന്തിനെ തല്ലിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍സിങ്. തെറ്റ് പറ്റിയത് തനിക്കാണെന്നും വിവാദം തന്നെ ഏറെ ബാധിച്ചിരുന്നതായും താരം വ്യക്തമാക്കി. ഗ്ലാന്‍സ് ലൈവ് ഫെസ്‌റ്റിലാണ് താരം തന്‍റെ പ്രവര്‍ത്തിയില്‍ ഖേദപ്രകടനം നടത്തിയത്.
സംഭവിച്ചത് തെറ്റാണ്. ഞാൻ കാരണം എന്റെ സഹതാരത്തിനും നാണക്കേട് നേരിടേണ്ടി വന്നു. പിഴവുതിരുത്താൻ എനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍, ശ്രീശാന്തിനെതിരായ എന്റെ തെറ്റ് തിരുത്താൻ ശ്രമിക്കുമായിരുന്നെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു.
മുംബൈ ഇന്ത്യന്‍സും, കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ശ്രീശാന്തിന്‍റെ ദൃശ്യങ്ങള്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ബിസിസിഐ ഹര്‍ഭജന്‍ സിങ്ങിന് അഞ്ച് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നല്‍കിയ അത്താഴവിരുന്നില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്തിരുന്നുവെന്ന് ശ്രീശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. 2011-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങളായിരുന്നു ഇരുവരും.