മുംബൈ :അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20യിലെ ഓള്‍റൗണ്ടിങ് മികവിന് ശിവം ദുബെയെ പുകഴ്‌ത്തി ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് (Harbhajan Singh on Shivam Dube). പേസ് ബോളിങ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യയ്‌ക്ക് ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് ദുബെയെന്നാണ് ഹര്‍ഭജന്‍ പറഞ്ഞിരിക്കുന്നത്. അഫ്‌ഗാനെതിരായ ബാക്കി മത്സരങ്ങളിൽ റൺസ് നേടിയാൽ ഇന്ത്യന്‍ ടീമില്‍ നിന്നും താരത്തെ മാറ്റി നിര്‍ത്തുന്നത് പ്രയാസകരമാവുമെന്നും ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി.
തന്‍റെ യൂട്യൂബ് ചാനലില്‍ ഇതുസംബന്ധിച്ച് ഹര്‍ഭജന്‍ നടത്തിയ പ്രതികരണം ഇങ്ങനെ..."അഫ്‌ഗാനെതിരെ ശിവം ദുബെയിൽ ഞാൻ കണ്ട ഒരു പ്രധാന മാറ്റം അവന്‍റെ ബോളിങ്ങിലെ പേസ് ആയിരുന്നു. അവന്‍ തന്‍റെ ബോളിങ് കുറച്ചുകൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്. അവന്‍റെ പേസ് തീർച്ചയായും മെച്ചപ്പെട്ടിട്ടുണ്ട്.
തന്‍റെ ഫിറ്റ്നസിലും അവന്‍ വ്യക്തമായി പ്രവർത്തിച്ചു. ഇന്ത്യ തിരയുന്ന ദീർഘകാല പേസ് ബോളിങ് ഓൾറൗണ്ടര്‍ അവനാകാം. ശേഷിക്കുന്ന മത്സരങ്ങളിലും ശിവം ദുബെ റൺസ് നേടിയാൽ ടീമില്‍ നിന്നും അവഗണിക്കുക പ്രയാസമായിരിക്കും" - ഹര്‍ഭജന്‍ സിങ് പറഞ്ഞു. മൊഹാലിയില്‍ നടന്ന അഫ്‌ഗാനെതിരായ ആദ്യ ടി20യില്‍ (India vs Afghanistan) ഇന്ത്യയുടെ വിജയ ശില്‍പ്പിയാണ് ശിവം ദുബെ.
പന്തെടുത്തപ്പോള്‍ രണ്ട് ഓവറുകളില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയ ദുബെ, ബാറ്റുകൊണ്ട് അപരാജിത അര്‍ധ സെഞ്ചുറി നേടിയാണ് തിളങ്ങിയത്. 40 പന്തുകളില്‍ അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറും സഹിതം പുറത്താവാതെ 60 റണ്‍സായിരുന്നു താരം നേടിയത്. പ്രസ്‌തുത പ്രകടനത്തിന് മത്സരത്തിലെ താരമായും 30-കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു.