ന്യൂഡൽഹി : മണിപ്പൂരിൽ സ്‌ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം ചെയ്‌ത സംഭവത്തിൽ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്. കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെയാണ് ആൾക്കൂട്ടം പൂർണ നഗ്നരാക്കി അതിക്രമത്തിന് ഇരയാക്കിയത്. മെയ് നാലിനാണ് ഈ ക്രൂര പീഡനം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ദൃശ്യങ്ങൾ കണ്ട് മരവിച്ച് പോകുന്നത് പോലെയാണ് തോന്നുന്നതെന്നാണ് ഹർഭജൻ പറഞ്ഞത്. 'എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാൽ അത് നിസാരമായി പോകും. ഞാൻ രോഷം കൊണ്ട് മരവിച്ചിരിക്കുന്നു.
ഈ ക്രൂരമായ കുറ്റകൃത്യം ചെയ്‌തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വധശിക്ഷ നൽകുകയും ചെയ്‌തില്ലെങ്കിൽ, നമ്മൾ സ്വയം മനുഷ്യരെന്ന് വിളക്കുന്നതിൽ അർഥമില്ലാതായി പോകും. ഇത് എന്നെ വേദനിപ്പിക്കുന്നു. സർക്കാർ നടപടി സ്വീകരിക്കണം' -ഹർഭജൻ സിങ് ട്വീറ്റ് ചെയ്‌തു.
സംഭവത്തിൽ ഇന്ത്യൻ മുൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്രയും പ്രതികരണവുമായി രംഗത്തെത്തി. 'നമ്മുടെ ഗ്രഹത്തെ ചുറ്റുന്ന ഏറ്റവും മോശമായ വംശം മനുഷ്യന്‍റേതായിരിക്കും. മണിപ്പൂരിൽ നിന്നുള്ള വീഡിയോ അത് ഒരിക്കൽ കൂടി തെളിയിക്കുന്നു. ഞെട്ടിക്കുന്നതാണ് അത്. അറപ്പുളവാക്കുന്ന, ഹൃദയഭേദകമായ കാഴ്‌ചയാണത്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള കുറ്റവാളികളെ ഉടൻ പിടികൂടി ശിക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു' -ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ നടുക്കിയ അതിക്രമം : കുക്കി വിഭാഗത്തിലെ സ്‌ത്രീകൾക്ക് നേരെയാണ് അതിക്രൂരമായ പീഡനം നടന്നത്. രണ്ട് സ്‌ത്രീകളെ ഒരു കൂട്ടം ആളുകൾ ചേർന്ന് നഗ്നരായി നടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്‌ത്രീകളെ ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമായിരുന്നു. കുക്കി സംഘടനയായ ഐടിഎല്‍എഫാണ് ഈ അതിക്രമത്തെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.