മുംബൈ:ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന് നേരെ ഉയരുന്നത്. മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് രാഹുലിനെ മാനേജ്‌മെന്‍റ് കളിപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുന്ന സര്‍ഫറാസ് ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ സെലക്‌ടര്‍മാര്‍ തഴഞ്ഞതും രാഹുലിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കനംവയ്‌പ്പിച്ചു.
30കാരനെ നിരന്തരം ആക്രമിക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദിന്‍റെ വിമര്‍ശനം. പ്രസാദിന് മറുപടി നല്‍കി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ രാഹുലിനെ പിന്തുണച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്.
അയാള്‍ കുറ്റവാളിയല്ല:രാഹുല്‍ ഒരു കുറ്റവും ചെയ്‌തിട്ടില്ലെന്നും താരത്തെ വെറുതെ വിടൂവെന്നുമാണ് ഹര്‍ഭജന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. "രാഹുല്‍ ഇപ്പോഴും മികച്ച താരമാണ്. അവന്‍ കരുത്തോടെ തിരിച്ചുവരും. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഞങ്ങള്‍ എല്ലാം തന്നെ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോവാറുണ്ട്.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ആദ്യത്തെയോ അവസാനത്തെയോ ആളല്ല അവന്‍. അതുകൊണ്ട് വസ്‌തുതകള്‍ അംഗീകരിച്ചുകൊണ്ട് ഇന്ത്യന്‍ താരമാണെന്ന ബഹുമാനം രാഹുലിന് നല്‍കേണ്ടതുണ്ട്. അവനില്‍ കുറച്ചെങ്കിലും വിശ്വസിക്കൂ", ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്‌തു.
അടുത്ത മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്‍:ഓസീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട രാഹുലിനെ പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലും നിലനിര്‍ത്തിയിരുന്നു. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 20 റണ്‍സ് മാത്രമായിരുന്നു രാഹുല്‍ നേടിയത്. ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിലാകട്ടെ ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സും മാത്രമാണ് 30കാരന്‍ കണ്ടെത്തിയത്. മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലും മാർച്ച് ഒമ്പതിന് അഹമ്മദാബാദിലുമാണ് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങള്‍ നടക്കുക.