ന്യൂഡൽഹി :23 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിന് വിട പറഞ്ഞ് ഇന്ത്യൻ സ്പിൻ ഇതിഹാസം ഹർഭജൻ സിങ്. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് 41കാരനായ താരം ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
'എല്ലാ നല്ല കാര്യങ്ങളും അവസാനിച്ചു, ജീവിതത്തിൽ എനിക്ക് എല്ലാം തന്ന ക്രിക്കറ്റിനോട് ഇന്ന് ഞാൻ വിടപറയുമ്പോൾ, ഈ 23 വർഷത്തെ യാത്ര മനോഹരവും അവിസ്മരണീയവുമാക്കിയ എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
എല്ലാവർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി', ഹർഭജൻ കുറിച്ചു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്‌പിന്നർ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്ന കാലത്ത് കളിച്ച താരങ്ങളിൽ സജീവമായ നിന്ന ഏക താരം കൂടിയായിരുന്നു ഹർഭജൻ സിങ്. 1998 മാർച്ചിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഹർഭജൻ അതേ വർഷം ഏപ്രിലിൽ ന്യൂസിലാൻഡിനെതിരെ ഏകദിനത്തിലും അരങ്ങേറി. 2006 ൽ ദക്ഷിണാഫ്രിക്കക്കെതിരെ ടി20 അരങ്ങേറ്റവും നടന്നു. ഇന്ത്യക്കായി ആദ്യ ഹാട്രിക്ക് സ്വന്തമാക്കുന്ന താരവും ഹർഭജനാണ്.
ടെസ്റ്റിൽ 103 മത്സരങ്ങളിൽ നിന്ന് 417 വിക്കറ്റുകളും, ഏകദിനത്തിൽ 236 മത്സരങ്ങളിൽ നിന്ന് 269 വിക്കറ്റുകളും ടി20യി 28 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റും താരം വീഴ്‌ത്തിയിട്ടുണ്ട്. ടെസ്റ്റിൽ 25 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും താരം നടത്തിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ റിക്കി പോണ്ടിങ്, ആദം ഗിൽക്രിസ്റ്റ്, ഷെയ്‌ൻ വോണ്‍ എന്നിവരെ പുറത്താക്കിയായിരുന്നു താരം ഹാട്രിക്ക് നേട്ടം കൊയ്‌തത്.
ബോളിങ്ങിൽ മാത്രമല്ല ബാറ്റുകൊണ്ട് ഹർഭജൻ വിസ്മയിപ്പിച്ചിട്ടുണ്ട്. തോൽവിയിലേക്ക് നീങ്ങിയ പല മത്സരങ്ങളും ഹർഭജന്‍റെ ബാറ്റിങ് മികവിൽ വിജയ തീരത്തേക്കടുത്തിട്ടുണ്ട്. ടെസ്റ്റിൽ 145 ഇന്നിങ്സുകളിൽ നിന്ന് രണ്ട് സെഞ്ച്വറിയുടേയും ഒൻപത് അർധ സെഞ്ച്വറിയുടേയും മികവിൽ 2224 റണ്‍സ് ഹർഭജൻ അടിച്ച് കൂട്ടിയിട്ടുണ്ട്. ഏകദിനത്തിൽ 1237 റണ്‍സും ടി20യിൽ 108 റണ്‍സും താരം നേടിയിട്ടുണ്ട്.
ALSO READ:HAPPY BIRTHDAY NEERAJ CHOPRA: ഇന്ത്യയുടെ ഗോൾഡൻ ബോയ്‌ക്ക് ഇന്ന് 24-ാം പിറന്നാൾ, ആശംസകളുമായി കായികലോകം
അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം നഷ്‌ടപ്പെട്ട് തുടങ്ങിയപ്പോഴും ഐപിഎല്ലിൽ ഹർഭജൻ സജീവ സാന്നിധ്യമായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്‌ചവച്ചത്. 163 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.