ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ടീം ബാറ്റ് കൊണ്ട് ശക്തമായി തിരിച്ചടിക്കുമെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിങ്. ഒന്നാം ദിനത്തില്‍ ഓസീസ് ടീം ശക്തമായ നിലയില്‍ കളിയവസാനിപ്പിച്ചതിന് പിന്നാലെയാണ് ഹര്‍ഭജന്‍റെ പ്രതികരണം. മത്സരത്തില്‍ നിലവില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 327 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.
സ്റ്റീവ് സ്‌മിത്ത് (95), ട്രാവിസ് ഹെഡ് (146) എന്നിവരാണ് പുറത്താകാതെ ക്രീസിലുള്ളത്. മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. ഒരു സ്‌പിന്നറിനൊപ്പം നാല് പേസര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്.
ഇന്നിങ്‌സിന്‍റെ നാലാം ഓവറില്‍ മുഹമ്മദ് സിറാജ് ഉസ്‌മാന്‍ ഖവാജയെ മടക്കി ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ, റണ്‍സടിച്ചുകൊണ്ടിരുന്ന ഡേവിഡ് വാര്‍ണറെ ശര്‍ദുല്‍ താക്കൂറും മാര്‍നസ് ലബുഷെയ്‌നെ മുഹമ്മദ് ഷമിയുമാണ് പുറത്താക്കിയത്. നാലാം വിക്കറ്റില്‍ സ്റ്റീവ് സ്‌മിത്തും ട്രാവിസ് ഹെഡും ഒത്തുചേര്‍ന്നതോടെ ഇന്ത്യയ്‌ക്ക് കളിയിലെ നിയന്ത്രണം പതിയെ നഷ്‌ടപ്പെട്ടു.
ആദ്യ ദിനത്തില്‍ ഇവര്‍ ഇരുവരും ചേര്‍ന്ന് 251 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ന് ഹെഡിനെയും സ്‌മിത്തിനെയും വേഗത്തില്‍ മടക്കി മത്സരത്തിലേക്ക് അതിവേഗം തിരികെയെത്താനാകും ഇന്ത്യയുടെ ശ്രമം. ഇതിനിടെയാണ്, ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിങ് രംഗത്തെത്തിയത്.