മുംബൈ: ഏകദിന ലോകകപ്പ് (ODI World Cup) പൂരം കൊടിയേറാന്‍ ഇനി രണ്ട് 60 ദിവസത്തോളമാണ് ശേഷിക്കുന്നത്. ടീമുകളെല്ലാം തന്നെ ലോകകപ്പിന്‍റെ അവസാനഘട്ട ഒരുക്കങ്ങളും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കിരീട പ്രതീക്ഷയിലാണ് പല വമ്പന്‍ ടീമുകളും ഇന്ത്യയിലേക്ക് വണ്ടികയറുന്നത്.
ഒക്‌ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ ആരൊക്കെ അവസാന നാലിലേക്ക് എത്തുമെന്നും ആര് കപ്പ് അടിക്കുമെന്നും കാണാനായി ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ നോക്കി സെമി ഫൈനലില്‍ ഇടം പിടിക്കുന്ന ടീമുകള്‍ ഏതെന്ന പ്രവചനവുമായി നിരവധി പേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഏകദിന ലോകകപ്പ് സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ പേസര്‍ ഗ്ലെന്‍ മക്‌ഗ്രാത്തും എത്തിയിരിക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് (England), മുന്‍ ചാമ്പ്യന്മാരും തന്‍റെ രാജ്യവുമായ ഓസ്‌ട്രേലിയ (Australia), ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ (India), പാകിസ്ഥാന്‍ (Pakistan) എന്നീ ടീമുകള്‍ ലോകകപ്പ് സെമിയില്‍ എത്തുമെന്നാണ് മക്ഗ്രാത്തിന്‍റെ പ്രവചനം. 'ഓസ്‌ട്രേലിയയെ അവസാന നാലില്‍ ഉള്‍പ്പെടുത്തിയതില്‍ ആരും തന്നെ അത്‌ഭുതപ്പെടാന്‍ വഴിയില്ല. പിന്നീടുള്ളത് ഇന്ത്യയാണ്.
അവര്‍ തങ്ങളുടെ നാട്ടിലാണ് കളിക്കുന്നത് എന്ന ആനുകൂല്യം ഉറപ്പായും രോഹിതിനും സംഘത്തിനും ലഭിക്കും. മൂന്നാമതായി ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലേക്ക് എത്താനാണ് സാധ്യത. മികച്ച ക്രിക്കറ്റാണ് അവര്‍ ഇപ്പോള്‍ കളിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനും അവസാന നാലില്‍ ഇടംപിടിക്കാനാണ് സാധ്യത' -ഒരു ദേശീയ മാധ്യമത്തോട് ഗ്ലെന്‍ മക്‌ഗ്രാത്ത് പറഞ്ഞു.