സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ന് (IPL 2023) മുന്നോടിയായി ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (Glenn Maxwell) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയിരുന്നു. ഇന്ത്യ ആതിഥേയാരായ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായ മാക്‌സ്‌വെല്ലിന്‍റെ തകര്‍പ്പന്‍ ഫോമില്‍ ബാംഗ്ലൂരിന് (Royal Challengers Bangalore) വലിയ പ്രതീക്ഷയാണുള്ളത്. ഇപ്പോഴിതാ തന്‍റെ കരിയറില്‍ കളിക്കുന്ന അവസാന മത്സരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേതായിരിക്കുമെന്ന് പ്രതികരിച്ചിരിക്കുകയാണ് 35-കാരന്‍. ഐപിഎല്ലിലെ അനുഭവങ്ങള്‍ കരിയറില്‍ ഏറെ നിര്‍ണായകമായതായും മാക്‌സി പറഞ്ഞു. (Glenn Maxwell on Indian Premier League)
"കരിയറില്‍ ഞാന്‍ കളിക്കുന്ന അവസാന ടൂർണമെന്‍റായിരിക്കും ഐപിഎൽ. എനിക്ക് 'നടക്കാന്‍' കഴിയുന്നിടത്തോളം ഐപിഎല്ലില്‍ ഞാനുമുണ്ടാവും. കരിയറിൽ ഉടനീളം മികച്ച അനുഭവമാണ് എനിക്ക് ഐപിഎല്‍ നല്‍കിയത്. ഞാൻ കണ്ടുമുട്ടിയ ആളുകൾ, ഞാൻ പരിശീലകർ, തോളോട് തോള്‍ ചേര്‍ന്ന് നടക്കാനായ മറ്റ് അന്താരാഷ്‌ട്ര കളിക്കാര്‍, ഇതെല്ലാം എന്‍റെ കരിയറില്‍ എറെ പ്രയോജനകരമായിരുന്നു.
ഐപിഎല്ലിന്‍റെ രണ്ട് മാസക്കാലയളവില്‍ എബി ഡിവില്ലിയേഴ്‌സിന്‍റെയും വിരാട് കോലിയുടേയും തോളില്‍ കൈവച്ചാണ് നടക്കുന്നത്. മറ്റുള്ളവരുടെ കളികാണുമ്പോള്‍ അതേക്കുറിച്ച് അവരോട് സംസാരിക്കുന്നു. ഏതൊരു കളിക്കാരനും കിട്ടുന്ന മികച്ചൊരു അനുഭവ പാഠമാണത്" മാക്‌സി പറഞ്ഞു. കൂടുതല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലിന്‍റെ ഭാഗമാവുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.
2012-ൽ ഡൽഹി ക്യാപിറ്റൽസിനായി ഐപിഎല്ലിൽ അരങ്ങേറ്റം നടത്തിയ മാക്‌സ്‌വെല്‍ നിലവില്‍ ലീഗിനെ മികച്ച താരങ്ങളില്‍ ഒരാളാണ്. ആക്രമണാത്മക ബാറ്റിങ്ങും ഓഫ് സ്പിൻ മികവുമായാണ് മാക്‌സി തന്‍റെ ടീമിന് മുതല്‍ക്കൂട്ടാവുന്നത്. എന്നാല്‍ ഉയര്‍ച്ച താഴ്‌ചകളിലൂടെയാണ് താരത്തിന്‍റെ ഐപിഎല്‍ കരിയറും മുന്നേറിയത്.