മുംബൈ:ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ റിഷഭ് പന്ത്-ഹാർദിക് പാണ്ഡ്യ കൂട്ടുകെട്ടിനെ പ്രശംസിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഗവാസ്‌കര്‍. ഇരുവര്‍ക്കും ഇന്ത്യയ്‌ക്കായി യുവരാജ് സിങ്-എംഎസ് ധോണി കൂട്ടുകെട്ട് പുനർനിർമ്മിക്കാൻ കഴിയുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അതെ, ഹാർദിക് പാണ്ഡ്യയ്‌ക്കും റിഷഭ് പന്തിനും തീർച്ചയായും യുവരാജിനെയും ധോണിയെയും പോലെ ഒരു ജോഡി രൂപപ്പെടുത്താൻ കഴിയും. ഇരുവർക്കും കൂറ്റൻ സിക്‌സറുകൾ പറത്താനുള്ള കഴിവുണ്ടായിരുന്നു, കൂടാതെ വിക്കറ്റുകൾക്കിടയിൽ നന്നായി ഓടുകയും ചെയ്‌തു”, ഗവാസ്‌കർ പറഞ്ഞു.
മാഞ്ചസ്റ്റില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവാന്‍ ഹാര്‍ദികിനും പന്തിനും കഴിഞ്ഞിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ഇരുവരും ചേര്‍ന്ന് നേടിയ 133 റണ്‍സിന്‍റെ കൂട്ടുകെട്ടാണ്. 55 പന്തില്‍ 71 റണ്‍സെടുത്ത് ഹാര്‍ദിക് തിരിച്ച് കയറിയെങ്കിലും 125 റണ്‍സോടെ പുറത്താവാതെ നില്‍ക്കാന്‍ പന്തിന് കഴിഞ്ഞിരുന്നു. പന്തിന്‍റെ ആദ്യ ഏകദിന സെഞ്ച്വറിയാണ് ഇത്.