മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചാവിഷയമാണ് മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ശ്രീശാന്ത് എന്നിവരുടെ കളികളത്തിനകത്തെയും പുറത്തെയും പോര് (Gautam Gambhir Sreesanth Altercation). ഡിസംബര്‍ ആറിന് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ (Legends League Cricket) ഇന്ത്യ കാപിറ്റല്‍സും (India Capitals) ഗുജറാത്ത് ജയന്‍റ്‌സും (Gujarat Giants) തമ്മിലേറ്റുമുട്ടിയ എലിമിനേറ്റര്‍ പോരാട്ടത്തിനിടെ ഗംഭീറും ശ്രീശാന്തും തമ്മില്‍ വാക്കേറ്റമുണ്ടായി. മത്സരശേഷം, ഗുജറാത്ത് ജയന്‍റ്‌സ് താരമായ ശ്രീശാന്ത് എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരുത്താന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ രണ്ട് വീഡിയോകളും പോസ്റ്റ് ചെയ്‌തിരുന്നു (Sreesanth About Gautam Gambhir).
ആദ്യം ശ്രീശാന്ത് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത് ഗംഭീര്‍ തന്നെ അനാവശ്യമായി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ്. കൂടാതെ, മുന്‍ ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണങ്ങളും ശ്രീശാന്ത് ഉന്നയിച്ചിരുന്നു. മത്സരം നടന്ന അതേ ദിവസമായിരുന്നു ശ്രീശാന്ത് ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്‌തത്.
അടുത്ത ദിവസമാണ് താരം രണ്ടാമത്തെ വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ശ്രീശാന്ത് പറയുന്നുണ്ട്. മത്സരത്തിനിടെ ഗംഭീര്‍ തന്നെ 'ഫിക്‌സര്‍' എന്ന് വിളിച്ചിരുന്നുവെന്നും ശ്രീശാന്ത് ആരോപിച്ചിരുന്നു (Gautam Gambhir Sreesanth Fixer Controversy).