മുംബൈ : ഏറെ നീണ്ട ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ അടുത്ത ടി20 ലോകകപ്പാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. 2024 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുമോയെന്ന ചര്‍ച്ചകള്‍ ഇതിനകം തന്നെ സജീവമാണ്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മികച്ച ഫോമിലാണെങ്കില്‍ ഇരുവരെയും അടുത്ത ടി20 ലോകകപ്പിലേക്ക് തീര്‍ച്ചയായും തെരഞ്ഞെടുക്കണമെന്നാണ് 42-കാരനായ ഗംഭീര്‍ പറയുന്നത്. രോഹിത്തും കോലിയും ടീമിലേക്ക് കൊണ്ടുവരുന്ന അനുഭവസമ്പത്ത് ചൂണ്ടിക്കാണിച്ച താരം പ്രായം ഒരു സെലക്ഷൻ മാനദണ്ഡമാക്കരുതെന്നും അഭിപ്രായപ്പെട്ടു (Gautam Gambhir on Rohit Sharma Virat Kohli for T20 World Cup 2024).
'നോക്കൂ..., ഇതെല്ലാം അപ്പോഴത്തെ ഫോമിനെ ആശ്രയിച്ചുള്ളതാണ്. തീര്‍ച്ചയായും ആത്യന്തികമായി ഫോം തന്നെയാണ് പ്രധാനം. ഐപിഎല്ലിന് ശേഷമാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതൊരു നല്ല കാര്യമാണ്. ഫോമിലാണെങ്കില്‍ രോഹിത്തും കോലിയും ഇന്ത്യയുടെ ടി20 ടീമിലുമുണ്ടാവണം.
എന്നെ സംബന്ധിച്ചിടത്തോളം ഫോമാണ് പ്രധാനം. ടി20 ലോകകപ്പിനായി, മികച്ച ഫോമിലുള്ള കളിക്കാരെ തെരഞ്ഞെടുക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. രോഹിത്തും വിരാടും ഫോമിലാണെങ്കില്‍ അവര്‍ ലോകകപ്പിലേക്കും തെരഞ്ഞെടുക്കപ്പെടണം' -ഗംഭീർ പറഞ്ഞു.
2024 ലെ ടി20 ലോകകപ്പില്‍ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയേയും ഗംഭീര്‍ പിന്തുണച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെയും കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയേയും രോഹിത് മികച്ച രീതിയില്‍ നയിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തില്‍ താരത്തിന് ഗംഭീറിന്‍റെ പിന്തുണ. (Gautam Gambhir on Rohit Sharma Captaincy in T20 World Cup 2024)
'ക്യാപ്റ്റനെന്ന നിലയില്‍ വളരെ വളരെ മികച്ച പ്രകടനം നടത്താന്‍ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്. അഞ്ച് ഐപിഎല്‍ ട്രോഫികള്‍ വിജയിക്കുകയെന്ന് ഒരു ചെറിയ കാര്യമല്ല. രോഹിത്തിന്‍റെ കീഴില്‍ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ വമ്പന്‍ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
ഒരു മോശം മത്സരത്തിന് രോഹിത് ശർമയേയോ ഈ ടീമിനെയോ അവർ ആധിപത്യം പുലർത്തിയ രീതിയോ ഇല്ലാതാക്കാന്‍ കഴിയില്ല. ഒരു മത്സരത്തിലെ തോല്‍വികൊണ്ട് രോഹിത് ഒരു മോശം ക്യാപ്റ്റനാണെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. ഫോമിലാണെങ്കില്‍ ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യയെ നയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
മികച്ച ഫോമിലല്ലാത്തവരെ ടി20 ലോകകപ്പിലേക്ക് തെരഞ്ഞെടുക്കരുത്. ക്യാപ്റ്റൻസി ഒരു ഉത്തരവാദിത്തമാണ്. ആദ്യം നിങ്ങൾ സ്വയം ഒരു കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് ക്യാപ്റ്റനാക്കുകയുമാണ് ചെയ്യുന്നത്. പ്ലേയിങ് ഇലവനിൽ സ്ഥിരം സ്ഥാനം ലഭിക്കേണ്ട ആളാണ് ക്യാപ്റ്റൻ, അത് ഫോമിനെ ആശ്രയിച്ചിരിക്കുന്നു' -ഗൗതം ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.
ALSO READ: യുവരാജിനെക്കുറിച്ച് ഇപ്പോള്‍ ആരും സംസാരിക്കാത്തതെന്ത്? ബ്രോഡ്‌കാസ്റ്റർമാർ പിആര്‍ പണിയെടുക്കരുത്; ഒളിയമ്പുമായി ഗംഭീര്‍