മുംബൈ:ക്രിക്കറ്റ് ലോകത്ത് ചിരവൈരികളായ ഇന്ത്യയുടെ പാകിസ്ഥാനും (India vs Pakistan) നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കളിക്കളത്തിന് അകത്തും പുറത്തും ആവേശം ഏറെയാണ്. രാഷ്‌ട്രീയ കാരണങ്ങളാല്‍ ഉഭയകക്ഷി പരമ്പരകള്‍ കളിക്കാത്ത അയല്‍ക്കാര്‍ തമ്മില്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് നിലവില്‍ പോര് നടക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന് മുന്നില്‍ പാകിസ്ഥാന്‍ ഒന്നുമല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. (Gautam Gambhir on India and Pakistan cricket teams)
"ഇന്ത്യയ്‌ക്ക് മേല്‍ പാകിസ്ഥാൻ ഒരുപാട് തവണ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍, രണ്ട് ടീമുകളേയും നോക്കുകയാണെങ്കില്‍ മൂന്ന് ഫോർമാറ്റിലും ഇന്ത്യ പാകിസ്ഥാനേക്കാള്‍ വളരെ മുന്നിലാണ്. അതിനാല്‍ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചാൽ അതു പ്രതീക്ഷയ്‌ക്ക് വിപരീതമാണ്.
മറിച്ചാണെങ്കില്‍ അതു പ്രതീക്ഷിക്കുന്നതാണ്" ഗൗതം ഗംഭീര്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് യദാര്‍ത്ഥ പോരാട്ടം നടക്കുന്നത്. ക്രിക്കറ്റ് ആരാധകരും ഇതേ അഭിപ്രായം തന്നെയാവും പറയുകയെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമം കഴിഞ്ഞ ഏകദിന ലോകകപ്പിലാണ് അവസാനമായി ഇന്ത്യ-പാകിസ്ഥാന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയത്തിലായിരുന്നു കളി നടന്നത്. മത്സരത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റുകള്‍ക്ക് ആതിഥേയര്‍ കൂടിയായ ഇന്ത്യ തകര്‍ത്തിരുന്നു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പാക് പട 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ഔട്ടായി. 58 പന്തില്‍ 50 റണ്‍സടിച്ച ബാബര്‍ അസം, 69 പന്തില്‍ 49 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാന്‍, 38 പന്തില്‍ 36 റണ്‍സെടുത്ത ഉമാം ഉള്‍ ഹഖ് എന്നിവരാണ് പ്രധാന സംഭാവന നല്‍കിയത്.
ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 192 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയും ചെയ്‌തു. ഇന്ത്യയ്‌ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (63 പന്തില്‍ 86), ശ്രേയസ് അയ്യര്‍ (62 പന്തില്‍ 53*) എന്നിവര്‍ തിളങ്ങി.
ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന്‍റെ ആദ്യ തോല്‍വി ആയിരുന്നുവിത്. ഇതിന് മുന്നെ നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക എന്നീ ടീമുകളോടായിരുന്നു പാകിസ്ഥാന്‍ വിജയിച്ചത്. ഇന്ത്യയോട് ഏറ്റ തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോടും പാക് പട പരാജയപ്പെട്ടു. തുടര്‍ന്ന് ബംഗ്ലാദേശിനേയും ന്യൂസിലന്‍ഡിനേയും കീഴടക്കിയെങ്കിലും അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റു.
ഇതോടെ പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് പാക് ടീമിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ഒരൊറ്റ മത്സരത്തിലും തോല്‍വി വഴങ്ങാതെ ഫൈനുറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കലാശപ്പോരില്‍ രോഹിത്തിനും ടീമിനും കാലിടറി. ഓസ്‌ട്രേലിയ ആയിരുന്നു ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഓസീസ് വിജയം നേടിയത്.
ALSO READ: കോലിയും രോഹിത്തുമില്ല, രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം; ഈ വര്‍ഷത്തെ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ