മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തിലെ വിജയത്തോടെ ഐസിസി ഏകദിന റാങ്കിങ്ങിലും (ICC ODI Ranking) ഒന്നാം സ്ഥാനത്ത് എത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു (India vs Australia). നേരത്തെ ടെസ്റ്റ്, ടി20 റാങ്കിങ്ങിലും ഒന്നാം സ്ഥാനത്തുള്ള ടീം ഇതോടെ റാങ്കിങ്ങില്‍ മൂന്ന് ഫോര്‍മാറ്റിലും തലപ്പത്ത് എത്തി. ഏകദിന ലോകകപ്പ് (ODI World Cup 2023) അടുത്തിരിക്കെ റാങ്കിങ്ങിലെ നേട്ടം ഇന്ത്യയ്‌ക്ക് ഊര്‍ജ്ജമാവുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ലോകകപ്പ് വിജയത്തിന് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം കൊണ്ട് വലിയ കാര്യമില്ലെന്നാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്. അതിന് നിലവിലെ പരമ്പരയിലും തുടര്‍ന്നും ഓസ്‌ട്രേലിയയെ തറപറ്റിക്കുകയാണ് വേണ്ടതെന്നാണ് ഗംഭീര്‍ പറയുന്നത് (Gautam Gambhir's Message to Team India for ODI World Cup 2023). ഐസിസി ടൂര്‍ണമെന്‍റുകളുടെ ചരിത്രത്തില്‍ വമ്പന്‍ റെക്കോഡുള്ള ഓസീസിനെ തോല്‍പ്പിക്കുന്നത് ഇന്ത്യയ്‌ക്ക് ലോകകപ്പിലുള്ള യാത്ര മികച്ചതാക്കുമെന്നും ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.
"നോക്കൂ, ഇക്കാര്യം ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് ലോകകപ്പ് നേടണമെങ്കിൽ ഓസ്‌ട്രേലിയയെ തോൽപ്പിക്കണം. അതിൽ യാതൊരു സംശയവുമില്ല.
2007-ൽ ടി20 ലോകകപ്പ് നേടുമ്പോള്‍, ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലിൽ നമ്മള്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. 2011-ൽ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപിച്ചായിരുന്നു മുന്നേറ്റം. ഐസിസി ടൂർണമെന്‍റുകളിലെ ഏറ്റവും ശക്തമായ ടീമാണ് ഓസ്‌ട്രേലിയ. റാങ്കിങ്ങിന്‍റെ കാര്യം മറന്നേക്കൂ, അതില്‍ ഒരു കാര്യവുമില്ല", ഗൗതം ഗംഭീര്‍ (Gautam Gambhir) വ്യക്തമാക്കി.