ഏഷ്യ കപ്പിൽ ഇന്ത്യ- നേപ്പാൾ (Asia Cup India vs Nepal) മത്സരത്തിനിടെ ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് പുലിവാലുപിടിച്ച് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ (Gautam Gambhir). മത്സരത്തിനിടെ കോലി.. കോലി ചാന്‍റ് മുഴക്കിയ കാണികൾക്ക് നേരെ ഗംഭീർ അശ്ലീല ആംഗ്യം കാണിക്കുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. ഇതോടെയാണ് ആരാധകർ താരത്തിന് നേരെ തിരിഞ്ഞത്. താരത്തിന്‍റെ വീഡിയോ ഇതിനകം വൈറലാണ്. അതേസമയം സംഭവത്തിൽ വിശദീകരണവുമായി ഗംഭീർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മത്സരത്തിനിടെയാണ് ഗംഭീർ അശ്ലീല ആംഗ്യം കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചത്. മൈതാനത്ത് നിന്ന് ഗ്യാലറിയിലേക്ക് വരികയായിരുന്നു ഗംഭീറിനെ നോക്കി ആരാധകർ കോലി..കോലി എന്ന് ഉറക്കെ വിളിക്കുന്നതും ഗംഭീർ അശ്ലീല ആംഗ്യം കാട്ടി നടന്ന് പോകുന്നതും വീഡിയോയിൽ ദൃശ്യമായിരുന്നു.
അതേസമയം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യം അതല്ലെന്നും, ഗ്യാലറിയിലിരുന്ന് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചവർക്കെതിരെയുള്ള സ്വാഭാവിക പ്രതികരണ് താൻ നടത്തിയത് എന്നുമായിരുന്നു ഗംഭീറിന്‍റെ മറുപടി. 'സമൂഹ മാധ്യമങ്ങളിലൂടെ കാണുന്നതെല്ലാം ശരിയല്ല. ജനങ്ങൾ അവർക്ക് അവശ്യമുള്ളത് മാത്രമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടുന്നത്.
നിങ്ങൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും കശ്‌മീരിനെക്കുറിച്ച് സംസാരിക്കുകയും ചെയ്‌താൽ നിങ്ങളുടെ മുമ്പിലുള്ള വ്യക്തി പ്രത്യക്ഷമായും പ്രതികരിക്കും എന്നതാണ് വൈറലായ വീഡിയോയുടെ സത്യം. അവിടെ 2-3 പാക്കിസ്ഥാനികൾ ഇന്ത്യാ വിരുദ്ധമായ കാര്യങ്ങളും കശ്‌മീരുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. അതിനാൽ, അത് എന്‍റെ സ്വാഭാവിക പ്രതികരണമായിരുന്നു. എന്‍റെ രാജ്യത്തിനെതിരെ എനിക്ക് ഒന്നും കേട്ട് നിൽക്കാൽ കഴിയില്ല. അതിനാലാണ് ഞാൻ പ്രതികരിച്ചത്. ഗംഭീർ പറഞ്ഞു.
നേരത്തേയും വിവാദം : നേരത്തെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് പിന്നാലെ ഗംഭീർ നടത്തിയ പ്രതികരണവും വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇന്ത്യ- പാക് മത്സരം മഴ മൂലം മുടങ്ങിയപ്പോൾ ഇരു ടീമിലെയും താരങ്ങൾ തമ്മിൽ സൗഹൃദം പങ്കിട്ടതിനെയായിരുന്നു ഗംഭീർ വിമർശിച്ചത്.
താരങ്ങൾ തമ്മിലുള്ള സൗഹൃദം ബൗണ്ടറിക്ക് പുറത്ത് മതിയെന്നും മൈതാനത്ത് 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് കളിക്കുന്നതെന്ന് ഇന്ത്യൻ ടീം മറക്കരുത് എന്നുമായിരുന്നു ഗംഭീറിന്‍റെ വിമർശനം. 'രാജ്യത്തിനായി കളിക്കുമ്പോള്‍ എതിരാളികളുമായി സൗഹൃദത്തിന്‍റെ ആവശ്യമില്ല. മുഖത്തോട് മുഖം നോക്കി പോരാടുകയാണ് വേണ്ടത്.
സൗഹൃദമൊക്കെ മൈതാനത്തിന് പുറത്തുനിര്‍ത്തണം. കളിക്കിടെ അത് വേണ്ട. കാരണം, രാജ്യത്തെ കോടിക്കണക്കിനാളുകളെയാണ് നിങ്ങള്‍ ഗ്രൗണ്ടില്‍ പ്രതിനിധീകരിക്കുന്നത്. ഇക്കാലത്ത് കളിക്കാര്‍ പരസ്‌പരം പുറത്തുതട്ടി അഭിനന്ദിക്കുകയും തമാശ പറയുന്നതുമൊക്കെ ഗ്രൗണ്ടില്‍ കാണുന്നുണ്ട്. കുറച്ച് വര്‍ഷം മുമ്പ് ഇതൊന്നും കാണാന്‍ കഴിയില്ലായിരുന്നു' എന്നാതായിരുന്നു ഗംഭീറിന്‍റെ അഭിപ്രായം. എന്നാൽ ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നുവന്നത്.