മുംബൈ: ഏറ്റവും കൂടുതൽ ഐസിസി ട്രോഫികൾ നേടിയ എംഎസ് ധോണിയുടെ റെക്കോർഡിന് ഒപ്പമെത്താൻ ഇനിയൊരു ഇന്ത്യന്‍ നായകനും കഴിയില്ലെന്ന് മുൻ ബാറ്റർ ഗൗതം ഗംഭീർ. ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങി ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് ഗംഭീര്‍ മുന്‍ നായകനെ വാഴ്‌ത്തിയത്. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 ലോകകപ്പ്, 2011ൽ സ്വന്തം തട്ടകത്തിൽ നടന്ന ഏകദിന ലോകകപ്പ്, 2013 ഇംഗ്ലീഷ് മണ്ണിൽ ചാമ്പ്യൻസ് ട്രോഫി എന്നിവയാണ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയത്.
"സെഞ്ച്വറികളുടെ കാര്യത്തില്‍ രോഹിത് ശര്‍മയേയും വിരാട് കോലിയേയും മറികടക്കുന്ന ഒരു കളിക്കാരന്‍ ഇനിയും വരുമായിരിക്കും. പക്ഷെ... എനിക്ക് തോന്നുന്നില്ല, ഇനിയൊരു ഇന്ത്യന്‍ ക്യാപ്റ്റന് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടാനാവുമെന്ന്", ഗംഭീർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.
2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് ഫൈനലുകളില്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു ഗംഭീര്‍. വിജയങ്ങളില്‍ ധോണിയെ പുകഴ്‌ത്തുമ്പോള്‍ തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതിലെ അതൃപ്‌തി താരം നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. 2011ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ സിക്‌സ് നേടിയായിരുന്നു ധോണി ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. എന്നാല്‍ ടീമിന്‍റെ വിജയത്തിന് കാരണം ആ സിക്‌സ് മാത്രമല്ലെന്നായിരുന്നു താരം പറഞ്ഞിരുന്നത്.
ധോണിയെക്കൂടാതെ കപിൽ ദേവ് മാത്രമാണ് ഇന്ത്യയ്‌ക്ക് ഐസിസി ട്രോഫി സമ്മാനിച്ച നായകന്‍. 1983 ലോകകപ്പാണ് കപിലിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ സ്വന്തമാക്കിയത്. അതേസമയം ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 10 വിക്കറ്റിന്‍റെ തോല്‍വിയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഏറ്റുവാങ്ങിയത്.
also read:'ചരിത്രത്തില്‍ ഒരിക്കലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ടീം'; ഇന്ത്യയുടേത് കാലഹരണപ്പെട്ട ശൈലിയെന്ന് മൈക്കല്‍ വോണ്‍