മുംബൈ :ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മിന്നും പ്രകടനത്തോടെ (India vs Pakistan) ഏകദിന ലോകകപ്പിനുള്ള (ODI World Cup) ഇന്ത്യന്‍ ടീമിലേക്കുള്ള അവകാശവാദം ശക്തമാക്കിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍ (Ishan Kishan). പാകിസ്ഥാനെതിരെ മുന്‍ നിര തകര്‍ന്ന് വമ്പന്‍ പ്രതിരോധത്തിലായ ഇന്ത്യയെ ഇഷാന്‍ കിഷന്‍ - ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് ട്രാക്കിലാക്കിയത്.
അഴിഞ്ഞാടുകയായിരുന്ന പാക് പേസ് നിരയെ മികച്ച രീതിയില്‍ ഇഷാനും ഹാര്‍ദിക്കും നേരിട്ടതോടെയാണ് ഇന്ത്യ മാന്യമായ നിലയിലേക്ക് എത്തിച്ചേര്‍ന്നത്. എന്നാല്‍ കെഎല്‍ രാഹുല്‍ തിരികെ എത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ വഴിമാറിക്കൊടുക്കേണ്ടി വരുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ് (Mohammad Kaif).
രാഹുല്‍ കഴിവ് തെളിയിച്ച താരം :"താനൊരു മാച്ച് വിന്നറാണെന്ന് കെഎല്‍ രാഹുല്‍ (KL Rahul) പലകുറി തെളിയിച്ചിട്ടുണ്ട്. 5-ാം നമ്പറിൽ, അവന്‍റെ പ്രകടനം ഏറെ മികച്ചതാണ്. അതിനാല്‍ രാഹുലിന്‍റെ കാര്യത്തില്‍ രാഹുൽ ദ്രാവിഡിന് വ്യക്തതയുണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. മോശം ഫോമിനാല്‍ അല്ല പരിക്ക് പറ്റിയതുകൊണ്ടാണ് രാഹുലിന് കളിക്കാന്‍ കഴിയാതെ വന്നത്.
രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ തീര്‍ച്ചയായും അവന്‍ തന്‍റെ അടുത്ത അവസരത്തിനായി കാത്തിരിക്കേണ്ടിവരും. എന്നാല്‍ തനിക്ക് ആവശ്യമുള്ളതെല്ലാം ഇഷാന്‍ ചെയ്യുന്നുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ പരമ്പരയിൽ അവൻ സ്കോർ ചെയ്തു. അവന്‍റെ ഗ്രാഫ് ഉയരുകയാണ്, ദിനംപ്രതി മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്.
ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടാനും അവന് കഴിഞ്ഞിട്ടുണ്ട്. ക്ലാസും പ്രതിഭയും ഉള്ള താരമാണവന്‍ (Mohammad Kaif on Ishan Kishan). എന്നാല്‍ ഇഷാന്‍ കിഷന്‍ ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്''- മുഹമ്മദ് കൈഫ് പറഞ്ഞു. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ ഗൗതം ഗംഭീറുമൊത്തുമുള്ള ചര്‍ച്ചയ്‌ക്കിടെയായിരുന്നു കൈഫ് ഇക്കാര്യം പറഞ്ഞത്.