മുംബൈ :ഇന്ത്യയുടെ ഏഷ്യ കപ്പ് (Asia Cup 2023) ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ നായകനായ 17 അംഗ ടീമിനെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. ഏകദിന ലോകകപ്പ് (ODI World Cup 2023) കൂടി അടുത്തിരിക്കെ ഏഷ്യ കപ്പ് സ്ക്വാഡ് തെരഞ്ഞെടുപ്പ് വലിയ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
ഏഷ്യ കപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ബാറ്റിങ് ഓര്‍ഡറിലെ ആദ്യ ഏഴ് സ്ഥാനങ്ങളില്‍ കുറഞ്ഞത് മൂന്ന് ഇടങ്കയ്യന്‍ ബാറ്റര്‍മാരെങ്കിലും വേണമെന്ന് ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായ രവി ശാസ്‌ത്രി അഭിപ്രായപ്പെട്ടിരുന്നു. ഏകദിന ലോകകപ്പില്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു രവിശാസ്ത്രി തന്‍റെ അഭിപ്രായം മുന്നോട്ടുവച്ചത്.
നിലവില്‍ പ്രഖ്യാപിക്കപ്പെട്ട ഏഷ്യ കപ്പ് ടീമില്‍ ഒരു ഏകദിനം പോലും കളിച്ചിട്ടില്ലെങ്കിലും ഇടങ്കയ്യന്‍ ബാറ്ററായ തിലക് വര്‍മയെ ഉള്‍പ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ടീമില്‍ ഇടങ്കയ്യന്മാരെ ഉള്‍പ്പെടുത്തുകയെന്ന അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ (Gautam Gambhir against Ravi Shastri ).
കളിക്കാര്‍ ഇടങ്കയ്യനോ- വലങ്കയ്യനോ എന്നതിലുപരി ഫോമിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പുണ്ടാവേണ്ടതെന്നാണ് ഗൗതം ഗംഭീര്‍ പറയുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ വിവിധ ബോളർമാർക്കെതിരെ ഒരു താരം എങ്ങനെ കളിക്കുന്നു എന്നതിലാണ് ടീം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി (Gautam Gambhir on Indian World Cup Squad).