ന്യൂഡൽഹി: ടി20 ലോകകപ്പിൽ അഫ്‌ഗാനിസ്ഥാനെ നിസാരമായി കാണരുതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ഇത്തവണത്തെ ലോകകപ്പിൽ അട്ടിമറികൾ നടത്താൻ കെൽപ്പുള്ള ടീം അഫ്‌ഗാനിസ്ഥാനാണെന്നും ഗംഭീർ പറഞ്ഞു.
റാഷിദ് ഖാൻ, മുജീബുർ റഹ്‌മാൻ, മുഹമ്മദ് നബി എന്നിവരെല്ലാം അഫ്‌ഗാന്‍റെ തുറുപ്പുചീട്ടുകളാണ്. ഇവരെയാണ് മറ്റ് ടീമുകൾ സൂക്ഷിക്കേണ്ടത്. ടൂർണമെന്‍റിലെ കറുത്ത കുതിരകളാവാൻ ശേഷിയുള്ള ടീമാണ് അഫ്‌ഗാനിസ്ഥാൻ.
ടി20 ഫോർമാറ്റിൽ ആർക്ക് വേണമെങ്കിലും ആരെയെങ്കിലും തോൽപ്പിക്കാം. ഒരു ടീമിനെയും ദുർബലരായി കണക്കാക്കരുത്. റാഷിദ് ഖാനെപോലുള്ള താരങ്ങൾ ഏത് മത്സരത്തിന്‍റെയും ഗതിമാറ്റാൻ കെൽപ്പുള്ളവരാണ്. കൂടാതെ ഇത്തവണത്തെ ലോകകപ്പിൽ ഒന്നാം ഗ്രൂപ്പാണ് ഏറ്റവും മികച്ച ഗ്രൂപ്പെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
ALSO READ:ടി20 ലോകകപ്പ്; ഇന്ത്യ -പാക് പോരാട്ടം ഒക്‌ടോബർ 24 ന്
ടി20 ലോകകപ്പിലെ യോഗ്യത മത്സരങ്ങൾ ഒക്‌ടോബർ 17നും സൂപ്പർ 12 മത്സരങ്ങൾ ഒക്‌ടോബർ 23 നും ആരംഭിക്കും. നവംബർ 14 നാണ് ഫൈനൽ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. ഒക്‌ടോബർ 24 ന് ദുബായിൽ വെച്ചാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം.