അഹമ്മദാബാദ്:ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവര്‍ക്കൊപ്പം യുവ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലിനെ താരതമ്യം ചെയ്യുന്നത് അന്യായമെന്ന് ഗുജറാത്ത് ടൈറ്റന്‍സ് മെന്‍റര്‍ ഗാരി കിര്‍സ്റ്റണ്‍. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഗില്ലിനെ സച്ചിനും കോലിയുമായി താരതമ്യപ്പെടുത്തി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ ഗാരി കിര്‍സ്റ്റണിന്‍റെ പ്രതികരണം.
അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ മിന്നും ഫോമിലായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് താരമായ ശുഭ്‌മാന്‍ ഗില്‍ ബാറ്റ് വീശിയത്. ഈ സീസണില്‍ ഐപിഎല്‍ ഫൈനല്‍ വരെയെത്തിയ ഗുജറാത്തിനായി ഗില്‍ 16 മത്സരങ്ങളില്‍ നിന്നും 59.33 ശരാശരിയില്‍ 890 റണ്‍സാണ് നേടിയത്. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനായ താരമായിരുന്നു ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതും.
'ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാകാൻ അസാമാന്യമായ വൈദഗ്ധ്യവും നിശ്ചയദാർഢ്യവുമുള്ള ഒരു യുവ കളിക്കാരനാണ് ശുഭ്‌മാന്‍ ഗില്‍. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ അവനെ സച്ചിനോടും വിരാടിനോടും താരതമ്യപ്പെടുത്തുന്നത് അന്യായമായ കാര്യമാണ്. അവന്‍ ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ താരമായി മാറുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ വികസിക്കുന്നതുകൊണ്ട് തന്നെ അത് പലര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്നില്ല', ഗാരി കിര്‍സ്റ്റണ്‍ വ്യക്തമാക്കി. ഐപിഎല്ലിലും അന്താരാഷ്‌ട്ര ക്രിക്കറ്റിലും മികവ് തുടരുന്ന ഗില്ലിനെ പ്രശംസിക്കാനും ഗുജറാത്ത് ടൈറ്റന്‍സ് ഉപദേഷ്‌ടാവ് മറന്നില്ല. ഐപിഎല്‍ പതിനാറാം പതിപ്പില്‍ തന്‍റെ കഴിവ് എന്താണെന്ന് മനസിലാക്കിയാണ് ഗില്‍ ബാറ്റ് ചെയ്‌തതെന്നും കിര്‍സ്റ്റണ്‍ പറഞ്ഞു.