കറാച്ചി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ പരിശീലകൻ ഗാരി കേർസ്റ്റണ്‍ പാകിസ്ഥാന്‍റെ മുഖ്യ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. ഗാരിയുടെ പേര് പരിശീലകസ്ഥാനത്തേക്ക് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സജീവമായി പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കേർസ്റ്റണ് പുറമെ മുൻ ഓസീസ് താരം സൈമണ്‍ കാറ്റിച്ചും, ഇംഗ്ലണ്ടിന്‍റെ മുൻ താരം പീറ്റർ മൂർസുമാണ് പാക് ക്രിക്കറ്റ് ബോർഡിന്‍റെ പരിഗണനയിലുള്ളത്. മുൻ ദക്ഷിണാഫ്രിക്കൻ താരമായ ഗാരി കേർസ്റ്റണ്‍ 2007 മുതൽ 2011 വരെ ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു.
ഗാരി കേർസ്റ്റണിന്‍റെ കീഴിലാണ് 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീം മുത്തമിട്ടത്. 2011ന് ശേഷം ഇന്ത്യൻ ടീം വിട്ട ഗാരി പിന്നീടുള്ള രണ്ട് വർഷക്കാലം ദക്ഷിണാഫ്രിക്കൻ ടീമിന്‍റെ പരിശീലകനായിരുന്നു.
ALSO READ :'ആമിറിനെ പഠിപ്പിക്കുന്നതിന് സ്‌കൂൾ തുറക്കണം' ; ഇമ്രാൻ ഖാനോട് ഹർഭജൻ സിങ്
പാക് ക്രിക്കറ്റ് ബോർഡുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടർന്ന് മുൻ താരം മിസ്ബ ഉൾ ഹഖ് പരിശീലക സ്ഥാനം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീം പുതിയ കോച്ചിനെ തേടുന്നത്. മിസ്ബക്കൊപ്പം ബോളിങ് പരിശീലകനായ വഖാർ യൂനിസും തന്‍റെ സ്ഥാനം രാജിവച്ചിരുന്നു.