കൊൽക്കത്ത : ഐപിഎല്ലിലെ രോഹിത് ശർമയുടേയും വിരാട് കോലിയുടേയും ഫോമില്ലായ്‌മയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇരുവരും മികച്ച താരങ്ങളാണെന്നും അവർ ശക്‌തമായി തന്നെ തിരിച്ചെത്തുമെന്നും ഗാംഗുലി പറഞ്ഞു. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്‍റെ ശക്‌തികേന്ദ്രമായ ഇരുവരുടേയും പ്രകടനത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെയാണ് ഗാംഗുലിയുടെ പ്രതികരണം.
അവർ വളരെ മികച്ച കളിക്കാരാണ്. അവർ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവർ ധാരാളം ക്രിക്കറ്റ് കളിക്കുന്നവരാണ്. അതിനാൽ ചിലപ്പോൾ ഫോം ഔട്ട് ആയേക്കാം. കഴിഞ്ഞ മത്സരത്തിൽ കോലി വളരെ നന്നായി കളിച്ചു. പ്രത്യേകിച്ച് ആർസിബിക്ക് നിർണായകമായ ഘട്ടത്തിൽ. അതുകൊണ്ടാണ് ആർസിബി പ്ലേ ഓഫിൽ എത്തിയപ്പോൾ അവൻ വളരെയധികം സന്തോഷിച്ചത് - ഗാംഗുലി പറഞ്ഞു.
കോലിയും രോഹിത്തും മികച്ച കളിക്കാരാണ്. അവർക്ക് തെറ്റുകൾ പറ്റും. ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്‍റെ റെക്കോർഡ് മികച്ചതാണ്. അഞ്ച് ഐപിഎൽ കിരീടങ്ങൾ, ഏഷ്യ കപ്പ് ജേതാവ്, ഒരു ക്യാപ്‌റ്റനെന്ന നിലയിൽ അവൻ പലതും നേടിയിട്ടുണ്ട്. അവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ ഇനിയും സമയമുണ്ട് - ഗാംഗുലി അഭിപ്രായപ്പെട്ടു.