ന്യൂഡൽഹി : ഇന്ത്യൻ ഏകദിന ടീമിന്‍റെ പുതിയ നായകനായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് ശർമയെ പുകഴ്‌ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഒരു ക്യാപ്‌റ്റനെന്ന നിലയിൽ രോഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റിനായി മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന് പറഞ്ഞ ഗംഭീർ കോലിയെ പരോക്ഷമായി ട്രോളാനും മറന്നില്ല.
രണ്ട് ക്യാപ്‌റ്റൻമാരുള്ളത് ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് മികച്ച കാര്യമാണ്. ടി20യിലും ഏകദിനത്തിലും രോഹിത്തിന് ടീമിനെ സജ്ജമാക്കാൻ കൂടുതൽ സമയം ലഭിക്കും. ഒരു ക്യാപ്‌റ്റനെന്ന നിലയിൽ രോഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റിനായി മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നാണ് പ്രതീക്ഷയെന്നും ഗംഭീർ പറഞ്ഞു.
ALSO READ:'ധീരയായ സ്ത്രീയെ വിവാഹം കഴിച്ചിട്ട് നാല് വര്‍ഷം'; കോലിയുടെ കുറിപ്പ് വൈറലാവുന്നു
അതേസമയം രോഹിത്തിനെ പുകഴ്‌ത്തുന്നതിനൊപ്പം കോലിയെ പരോക്ഷമായി കളിയാക്കാനും ഗംഭീർ മറന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ സുരക്ഷിതമായ കരങ്ങളിലാണെന്ന് പറഞ്ഞ ഗംഭീർ പ്രത്യേകിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ എന്ന് എടുത്തുപറയുകയും ചെയ്‌തു. ഇത് ടെസ്റ്റ് ക്യാപ്‌റ്റനായ കോലിക്കെതിരെയുള്ള ഗംഭീറിന്‍റെ ഒളിയമ്പായിരുന്നു.
ഐപിഎല്ലിൽ മുംബൈക്ക് അഞ്ച് കിരീടങ്ങൾ നേടാൻ കഴിഞ്ഞത് ക്യാപ്‌റ്റനെന്ന നിലയിൽ രോഹിത്തിന്‍റെ കഴിവിനെ അടിവരയിടുന്നതാണ്. കൂടാതെ വളരെ കൂളായ ക്യാപ്‌റ്റനാണ് രോഹിത്. ഇത് ടീമിന് മുഴുവൻ സഹായകരമാകുമെന്നും ഗംഭീർ വിലയിരുത്തി.