പാരീസ് : ആദ്യ കുഞ്ഞിന്‍റെ ജനനമറിയിച്ച് ടെന്നീസ് ദമ്പതികളായ ഗെയ്ൽ മോൺഫിൽസും എലീന സ്വിറ്റോലിനയും. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് തങ്ങളുടെ ജീവിതത്തിലേയ്ക്ക് ഒരു പെണ്‍കുഞ്ഞ് എത്തിയതായി ഇരുവരും അറിയിച്ചത്. സ്‌കായ് മോൺഫിൽസ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.
"എന്‍റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ രാത്രിയാണ് കടന്നുപോയത്. ഏറ്റവും മനോഹരമായ സമ്മാനത്തോടെയാണ് അതവസാനിച്ചത്. എലീന ശക്തയും ധീരയുമായിരുന്നു. ഈ പ്രത്യേക നിമിഷത്തിനായി എന്‍റെ ഭാര്യയോടും ദൈവത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
എന്‍റെ കൊച്ചു രാജകുമാരി സ്‌കായ്ക്ക് ഈ ലോകത്തിലേയ്ക്ക് സ്വാഗതം," 35കാരനായ മോൺഫിൽസ് ട്വിറ്ററില്‍ കുറിച്ചു. കുഞ്ഞിനെ സ്വാഗതം ചെയ്യണമെന്ന് ആരാധകരോട് അഭ്യര്‍ഥിച്ച് 27 കാരിയായ സ്വിറ്റോലിനയും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
2021 ഫെബ്രുവരിയിലാണ് ഫ്രഞ്ച് താരം മോൺഫിൽസും യുക്രൈന്‍ താരം സ്വിറ്റോലിനയും വിവാഹിതരാവുന്നത്. ഈ വര്‍ഷം മെയില്‍ പെണ്‍കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന വിവരം ഇരുവരും അറിയിച്ചിരുന്നു. ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണ് എലീന സ്വിറ്റോലിന.
തന്‍റെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ മാര്‍ച്ച് മുതല്‍ താരം ടെന്നീസിൽ നിന്നും മാറി നില്‍ക്കുകയാണ്. മോഫിസും ഈ വര്‍ഷമാദ്യം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷമുള്ള ഒരൊറ്റ ഗ്രാന്‍ഡ് സ്ലാമിലും കളിച്ചിട്ടില്ല.