സിഡ്‌നി :ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വേദിയായ ഇന്‍ഡോറിലെ പിച്ചിന് നല്‍കിയ മോശം റേറ്റിങ് മാറ്റിയ ഐസിസി തീരുമാനത്തിനെതിരെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. ബിസിസിഐ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് മോശം റേറ്റിങ് മാറ്റി ശരാശരിയിലും താഴെ എന്ന റേറ്റിങ്ങാണ് ഇന്‍ഡോറിലെ പിച്ചിന് ഐസിസി നല്‍കിയത്. മത്സരത്തിന്‍റെ ദൃശ്യങ്ങൾ അവലോകനം ചെയ്‌തിന് ശേഷം ഐസിസി ജനറൽ മാനേജർ വസീം ഖാൻ, ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി അംഗം റോജർ ഹാർപ്പർ എന്നിവരടങ്ങുന്ന ഐസിസി അപ്പീൽ പാനലായിരുന്നു റേറ്റിങ്ങില്‍ മാറ്റം വരുത്തിയത്.
എന്നാല്‍ ഐസിസി നടപടി പരിഹാസ്യമാണെന്നാണ് ഓസീസ് മാധ്യമമായ ഫോക്‌സ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ മോശം പിച്ചായിരുന്നു ഇന്ത്യ ഒരുക്കിയത്. പക്ഷേ അപ്പീലിലൂടെ മോശം റേറ്റിങ് മാറ്റിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചുവെന്നും ഫോക്‌സ് ക്രിക്കറ്റ് ട്വീറ്റ് ചെയ്‌തു.
ഈ ട്വീറ്റില്‍ ചിരിക്കുന്ന സ്മൈലിയില്‍ ഓസീസിന്‍റെ മുന്‍ താരവും പരിശീലകനുമായ ഡാരെല്‍ ലേമാന്‍ പ്രതികരിച്ചത് ഇന്ത്യന്‍ ആരാധകരെ ഏറെ ചൊടിപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ നാല് തവണയും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ തോറ്റതിന്‍റെ വേദന തങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ. നന്നായി കരഞ്ഞോ എന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.
മൂന്നാം ദിനത്തില്‍ അവസാനിച്ച ഇന്‍ഡോര്‍ ടെസ്റ്റിന് ശേഷം പിച്ചിന് മോശം റേറ്റിങ്ങും മൂന്ന് ഡീ മെറിറ്റ് പോയിന്‍റുമാണ് മാച്ച് റഫറി ക്രിസ് ബ്രോഡ് വിധിച്ചത്. ഹോള്‍ക്കർ സ്റ്റേഡിയത്തിലെ പിച്ച് ഏറെ വരണ്ടതായിരുന്നുവെന്നും മത്സരത്തിന്‍റെ തുടക്കം മുതല്‍ സ്‌പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ചുവെന്നും ക്രിസ് ബ്രോഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഒന്നാം ഇന്നിങ്‌സിലെ അഞ്ചാം പന്ത് തൊട്ട് തകരാന്‍ തുടങ്ങിയ പിച്ച് ബാറ്റിങ്ങിനും ബോളിങ്ങിനും സന്തുലിതമായിരുന്നില്ല.