കേപ്‌ടൗണ്‍: മുൻ അന്താരാഷ്‌ട്ര അമ്പയർ റൂഡി കോർട്ട്‌സെൻ(73) കാർ അപകടത്തിൽ മരിച്ചു. ചൊവ്വാഴ്‌ച രാവിലെ റിവർസ്‌ഡെയ്‌ല്‍ എന്ന പട്ടണത്തിന് സമീപമാണ് അപകടമുണ്ടായത്. ഗോൾഫ് ക്ലബിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം മടങ്ങി വരുന്നതിനിടെ ഇദ്ദേഹത്തിന്‍റെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
മുൻ ദക്ഷിണാഫ്രിക്കൻ അമ്പയർ റൂഡി കോർട്ട്‌സെൻ വാഹനാപകടത്തിൽ മരിച്ചു - കോർട്ട്‌സെന്‍റെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു
ഗോൾഫ് ക്ലബിൽ നിന്ന് മടങ്ങി വരുന്നതിനിടെ കോർട്ട്‌സെന്‍റെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു

1990 കളുടെ അവസാനം മുതൽ 2010 വരെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയർമാരിൽ ഒരാളായിരുന്നു കോർട്ട്‌സെൻ. ഇക്കാലയളവിൽ 128 ടെസ്റ്റ് മത്സരങ്ങൾ, 250 ഏകദിനങ്ങൾ, 19 ടി20 എന്നിവയുൾപ്പെടെ 397 മത്സരങ്ങൾ ഓൺ-ഫീൽഡ്, ടിവി അമ്പയർ ആയി കോർട്ട്‌സെൻ നിയന്ത്രിച്ചു. 2002 ൽ ഐസിസിയുടെ എലൈറ്റ് പാനലിൽ ഉൾപ്പെട്ട കോർട്ട്‌സെൻ എട്ട് വർഷത്തോളം അതിന്‍റെ ഭാഗമായിരുന്നു.
2007ൽ ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഓസ്‌ട്രേലിയയെ വിജയിയായി പ്രഖ്യാപിച്ച കോർട്ട്‌സെന്‍റെ തീരുമാനം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനെത്തുടർന്ന് 2007ൽ സ്വന്തം നാട്ടിൽ വച്ചുനടന്ന പ്രഥമ ടി20 ലോകകപ്പിൽ നിന്ന് ഐസിസി അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.