ലാഹോര്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളാണ് വിരാട് കോലി, ബാബര്‍ അസം എന്നിവര്‍. ഇവരില്‍ ആരാണ് മികച്ചത് എന്ന് കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് സജീവമാണ്. അതിനിടെ ഇരു താരങ്ങളെയും താരതമ്യം ചെയ്‌ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍.
ടി20യില്‍ കൂടൂതല്‍ പന്ത് നേരിട്ട് കഴിഞ്ഞാല്‍ വിരാട് കോലി കൂടുതല്‍ അപകടകാരിയയായി മാറുമെന്ന് മുന്‍ പാക് താരം മിസ്ബ ഉള്‍ ഹഖ്. 15-16 പന്തുകള്‍ പിന്നിട്ടാല്‍ വിരാടിന്‍റെ സ്‌ട്രൈക്ക് റേറ്റ് വര്‍ധിക്കും. ഇത് ബാബര്‍ അസം കണ്ട് പഠിക്കേണ്ട ഒന്നാണ്.
പവര്‍പ്ലേ കഴിഞ്ഞാല്‍ ബാബര്‍ അസമിന്‍റെ സ്‌ട്രൈക്ക് റേറ്റ് കുറഞ്ഞുവരുകയാണ് ചെയ്യുന്നത്. മത്സരം വിജിയപ്പിക്കാന്‍ ബാബര്‍, വിരാട് കോലി കാഴ്‌ചവെയ്‌ക്കുന്നത് പോലെയുള്ള പ്രകടനം പുറത്തെടുക്കുകയാണ് വേണ്ടതെന്നും മിസ്‌ബ കൂട്ടിച്ചേര്‍ത്തു.
അതേ സമയം രണ്ടുപേരും ലോകോത്തര നിലവാരമുള്ള താരങ്ങളാണെന്നാണ് ഷോയിബ് മാലിക്കിന്‍റെ അഭിപ്രായം. ഗ്യാപ്പുകള്‍ കണ്ടെത്തി കളിക്കാന്‍ വിരാട് കോലിക്കറിയാം, അതുകൊണ്ടാണ് അദ്ദേഹം കൂടുതല്‍ മുന്നിട്ട് നില്‍ക്കുന്നതെന്നും മാലിക് പറഞ്ഞു.
ബോട്ടം ഹാന്‍ഡ് ഉപയോഗിച്ച് റണ്‍സ് കണ്ടെത്താന്‍ ഭയപ്പെടാത്ത താരമാണ് വിരാട്. പക്ഷേ ബാബര്‍ അസം പലപ്പോഴും അത്തരം ഷോട്ടുകള്‍ക്ക് ശ്രമിക്കാറില്ലെന്നാണ് വഖാര്‍ യൂനുസിന്‍റെ പ്രതികരണം. ബാബര്‍ ഒരു ക്ലാസിക് ബാറ്ററാണ്, ബാറ്റ് ചെയ്യുമ്പോൾ വളരെ ഗംഭീരനായി കാണപ്പെടുന്നു.
ടി20 ക്രിക്കറ്റില്‍ ടോപ് ഓര്‍ഡറില്‍ കളിക്കുമ്പോള്‍ കൂടുതല്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങള്‍ ഒരുപാട് ഡോട്ട് ബോളുകള്‍ കളിക്കനാണ് സാധ്യത. അത് സ്വയം സമ്മര്‍ദം വര്‍ധിപ്പിക്കാനിടയുള്ളതാണെന്നും വഖാര്‍ യൂനുസ് കൂട്ടിച്ചേര്‍ത്തു.
ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ ഇരു താരങ്ങളുടെയും കരിയര്‍ പരിശോധിച്ചാൽ, 52.82 ശരാശരിയിൽ 3856 റൺസാണ് കോലി നേടിയത്. ബാബർ 43.66 ശരാശരിയിൽ 3,231 റൺസ് നേടിയിട്ടുണ്ട്.