ഇന്ത്യയുടെ മുൻ അണ്ടർ 19 ലോകകപ്പ് ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ് വിവാഹിതനായി. (Unmukt Chand - Simran Khosla Marriage ) ഫിറ്റ്‌നസ് ട്രെയ്‌നറായ സിമ്രൻ ഖോസ്ലയാണ് (Simran Khosla- fitness trainer) വധു. ഞായറാഴ്ച നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
2012ൽ ഇന്ത്യയുടെ അണ്ടർ 19 ടീമിനെ ലോകകിരീടത്തിലേക്ക് നയിച്ചത് ഉൻമുക്ത് ചന്ദായിരുന്നു. ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 111 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചതോടെ താരത്തെ ഇന്ത്യയുടെ ഭാവി വാഗ്‌ദാനമായാണ് വാഴ്ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം യുഎസിലെ മേജര്‍ ലീഗിലേക്ക് ചേക്കേറിയിരുന്നു.
അടുത്തിടെ സമാപിച്ച മൈനർ ലീഗ് ടി20 ടൂര്‍ണമെന്‍റില്‍ സിലിക്കണ്‍ വാലി സ്‌ട്രേക്കേഴ്‌സിനെ കിരീടത്തിലേക്കെത്തിച്ചതില്‍ നായകന്‍ കൂടിയായ ഉൻമുക്തിന് നിര്‍ണായക പങ്കുണ്ട്. ടൂര്‍ണമെന്‍റില്‍ 612 റൺസ് കണ്ടെത്തിയ ഉന്മുക്ത് ചന്ദായിരുന്നു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്ത്.