മുംബൈ :ഓണ്‍ലൈൻ തട്ടിപ്പിനിരയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യണമെന്ന വ്യാജേന താരത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1.14 ലക്ഷം രൂപയാണ് തട്ടിപ്പുകാർ സ്വന്തമാക്കിയത്. പിന്നാലെ താരം ബാന്ദ്ര പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് പണം വീണ്ടെടുത്തതായാണ് വിവരം.
ഡിസംബർ മൂന്നിന് ബാങ്കിന്‍റെ എക്‌സിക്യുട്ടീവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് തട്ടിപ്പുകാർ കാംബ്ലിയുടെ ഫോണിലേക്ക് ബന്ധപ്പെടുകയായിരുന്നു. കെ.വൈ.സി അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ ബാങ്ക് ഇടപാടുകൾ പ്രവർത്തനരഹിതമാകുമെന്ന് പറഞ്ഞതോടെ കാംബ്ലി വിവരങ്ങൾ നല്‍കുകയായിരുന്നു.
ALSO READ:Ashes Test : രണ്ടാം ഇന്നിങ്സിൽ പൊരുതാനുറച്ച് ഇംഗ്ലണ്ട്, നിലയുറപ്പിച്ച് മലാനും റൂട്ടും
തുടർന്ന് ഫോണിൽ 'എനി ഡെക്‌സ്' എന്ന ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാൻ അവർ ആവശ്യപ്പെട്ടു. ഈ ആപ്ലിക്കേഷനിൽ ചോദിച്ച ഒടിപി കാംബ്ലി തട്ടിപ്പുകാര്‍ക്ക് നൽകിയതോടെ താരത്തിന്‍റെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തുടർന്ന് പലതവണയായി 1.14 ലക്ഷം രൂപ അവര്‍ പിന്‍വലിച്ചു.
ഒടുവിൽ സംശയം തോന്നിയ താരം ബാങ്ക് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. പിന്നാലെ ബാന്ദ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.