സിഡ്‌നി :ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്ര്യൂ സൈമണ്ട്‌സ് (46) അന്തരിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിലാണ് അന്ത്യം. ക്വീന്‍സ്‌ലാന്‍ഡിലെ ആലിസ് റിവർ ബ്രിഡ്‌ജിന് സമീപം ഹെർവി റേഞ്ച് റോഡിലാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
സൈമണ്ട്സ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട് ഇടിച്ചുമറിഞ്ഞാണ് അപകടമെന്നാണാണ് പൊലീസ് അറിയിക്കുന്നത്. മെഡിക്കല്‍ സംഘം എത്തി അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും, ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ക്വീന്‍സ്‌ലാന്‍ഡ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
റോയ് എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്ന സൈമണ്ട്‌സ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു. 1999നും 2007 നും ഇടയിൽ ലോകത്ത് അപ്രമാദിത്യം സ്ഥാപിച്ച ഓസ്‌ട്രേലിയയുടെ വൈറ്റ്-ബോൾ ടീമില്‍ സുപ്രധാന താരമായിരുന്നു. 2003, 2007 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം.
ഓസ്‌ട്രേലിയക്കായി 1998ലാണ് അദ്ദേഹം ഏകദിന അരങ്ങേറ്റം കുറിച്ചത്. 198 ഏകദിന മത്സങ്ങളില്‍ നിന്ന് ആറ് സെഞ്ചുറികളും 30 അര്‍ധ സെഞ്ചുറികളുമുള്‍പ്പടെ 5,088 റണ്‍സും 133 വിക്കറ്റുകളും സൈമണ്ട്‌സ് നേടിയിട്ടുണ്ട്. തുടര്‍ന്ന് 2004ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 26 ടെസ്റ്റുകളില്‍ നിന്നും രണ്ട് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 1462 റണ്‍സും 24 വിക്കറ്റുകളും സ്വന്തമാക്കി. 14 ടി20 മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയക്കായി പാഡണിഞ്ഞു.