മൊഹാലി :അന്താരാഷ്‌ട്ര പുരുഷ ടി20 ക്രിക്കറ്റില്‍ 100 ജയങ്ങളുടെ ഭാഗമാകുന്ന ആദ്യ താരമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (First Player To Be Part Of 100 Wins In Men's T20I). അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെയാണ് രോഹിത് ചരിത്ര നേട്ടത്തിന് അര്‍ഹനായത് (India vs Afghanistan 1st T20I). 2023 ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം രോഹിത് ശര്‍മ (Rohit Sharma) ആദ്യമായി കളിക്കാനിറങ്ങിയ മത്സരം കൂടിയായിരുന്നു ഇന്നലത്തേത്.
നിലവില്‍ അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ കൂടുതല്‍ ജയങ്ങളുടെ ഭാഗമായിട്ടുള്ളത് ഇംഗ്ലണ്ടിന്‍റെ ഡാനി വയറ്റ് (Dani Wyatt) മാത്രമാണ്. 111 ജയങ്ങളാണ് ഇംഗ്ലീഷ് വനിത താരത്തിന്‍റെ അക്കൗണ്ടില്‍ ഉള്ളത്. ഓസ്‌ട്രേലിയയുടെ അലീസ ഹീലി (Alyssa Healy), എല്ലിസ് പെറി (Elysse Perry) എന്നിവരാണ് ടി20 ക്രിക്കറ്റില്‍ 100 ജയങ്ങളുടെ ഭാഗമായ മറ്റ് താരങ്ങള്‍.
പുരുഷ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ജയത്തിന്‍റെ ഭാഗമായ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പാകിസ്ഥാന്‍ മുന്‍താരം ഷൊയ്‌ബ് മാലിക്കാണ്. 86 ജയങ്ങളാണ് മാലിക്ക് പാക് പടയ്‌ക്കൊപ്പം നേടിയത്. 73 ജയത്തിന്‍റെ ഭാഗമായ വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാമന്‍.