കൊൽക്കത്ത : ഏകദിന ലോകകപ്പ് അടുത്തിരിക്കെ ടൂർണമെന്‍റിന്‍റെ പ്രധാന വേദികളിലൊന്നായ കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ തീപിടിത്തം. ലോകകപ്പിന് മുന്നോടിയായുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ താരങ്ങൾക്കായുള്ള ഡ്രസിങ് റൂമിൽ ബുധനാഴ്‌ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമിലെ സീലിങ്ങിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. തീപിടിത്തമുണ്ടായത് ഉടൻ തന്നെ ഡ്രസിങ് റൂമിൽ ജോലി ചെയ്‌തിരുന്നവരുടെ ശ്രദ്ധയിൽ പെട്ടതിനാൽ അപകടത്തിന്‍റെ തോത് കുറയ്‌ക്കാനായി. രണ്ട് ഫയർ എഞ്ചിനുകൾ എത്തി ഒരു മണിക്കൂറിനുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
അതേസമയം ലോകകപ്പ് അടുത്തിരിക്കെ ഈഡൻ ഗാർഡൻസിന്‍റെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. ഈഡൻ ഗാർഡൻസിൽ തീപിടിത്തമുണ്ടായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി ദേബബ്രത ദാസ് സ്റ്റേഡിയത്തിലേക്ക് എത്തി. സംഭവത്തിൽ വീഴ്‌ചയുണ്ടായോ ഇല്ലയോ എന്ന് പരിശോധിക്കുമെന്നും പെട്ടന്നുണ്ടായ തീപിടിത്തത്തിന്‍റെ കാരണം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ എത്രയും പെട്ടന്ന് തന്നെ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. സെപ്‌റ്റംബർ 15 ന് മുൻപ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് കരാർ. അതേസമയം ഐസിസി പ്രതിനിധികൾ സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയിൽ സംതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്. സംഘം അടുത്ത മാസം വീണ്ടും പരിശോധനയ്ക്കായി എത്തും.
പുതുക്കിയ മത്സരക്രമം പുറത്തുവിട്ട് ഐസിസി : ഏകദിന ലോകപ്പിലെ സെമി ഫൈനൽ ഉൾപ്പെടെ നിർണായക മത്സരങ്ങൾക്ക് ഈഡൻ ഗാർഡൻസ് വേദിയാകുന്നുണ്ട്. അതേസമയം ഏകദിന ലോകകപ്പിന്‍റെ പുതുക്കിയ ഷെഡ്യൂള്‍ ഐസിസി പുറത്ത് വിട്ടിട്ടുണ്ട്. ടൂര്‍ണമെന്‍റിലെ പ്രധാന പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഒക്‌ടോബര്‍ 14-ലേക്ക് മാറ്റി.
ഇതിന് പുറമെ മറ്റ് എട്ട് മത്സരങ്ങളുടെ തീയതികള്‍ കൂടി പുനഃക്രമീകരിച്ചിട്ടുണ്ട്. നവംബര്‍ 11-ന് നിശ്ചയിച്ചിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് മത്സരം 12-ാം തീയതിയിലേക്ക് മാറ്റി. ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങളുടെ തുടക്കമായതിനാൽ സുരക്ഷ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് ഒക്‌ടോബര്‍ 15-ന് അഹമ്മദാബാദില്‍ നടക്കാനിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഒരു ദിവസം മുന്നേ നടത്താൻ തീരുമാനിച്ചത്.
ഇന്ത്യ-പാക് മത്സരത്തിന്‍റെ തീയതി മാറിയതിനാൽ, ഡല്‍ഹിയില്‍ നടക്കുന്ന ഇംഗ്ലണ്ടും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള മത്സരം 24 മണിക്കൂര്‍ വൈകി ഒക്ടോബർ 15-ാണ് നടക്കുക. ഹൈദരാബാദിൽ ശ്രീലങ്കയ്‌ക്കെതിരായ പാകിസ്ഥാന്‍റെ മത്സരം ഒക്ടോബർ 12-ല്‍ നിന്നും 10-ലേക്ക് മാറ്റിയിട്ടുണ്ട്.
ലക്‌നൗവിൽ 12-ന് നിശ്ചയിച്ചിരുന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരം 13-ലേക്കും, ചെന്നൈയില്‍ ഒക്‌ടോബര്‍ 14-ന് ഡേ മത്സരമായി നിശ്ചയിച്ചിരുന്ന ഇംഗ്ലണ്ട്-ബംഗ്ലാദേശ് പോര് ഡേ-നൈറ്റ് മത്സരമായി 13-ാം തീയതിയിലേക്ക് മാറ്റാനുമാണ് തീരുമാനമായിരിക്കുന്നത്. ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക.
അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് മത്സരങ്ങള്‍. 10 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത്. ഇന്ത്യയ്‌ക്ക് പുറമെ ന്യൂസിലൻഡ്, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, അഫ്‌ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ എന്നീ ടീമുകൾക്ക് ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത ലഭിച്ചിരുന്നു. ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ യോഗ്യത മത്സരം കളിച്ചാണെത്തുന്നത്.